Khan Bahadur P. M. Attakoya Thangal
Social Leader, Educationist & PoliticianBiography
മലബാർ മുസ്‌ലിം സമൂഹത്തിലെ പ്രമുഖ നേതാവും ബ്രിട്ടീഷ് ഭരണാധികാരികളുടെ വിശ്വസ്തനുമായിരുന്ന ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങളുടെയും ശരീഫാ അലവിയ്യയുടെയും പുത്രനായി 1895-ൽ കോഴിക്കോട് തങ്ങൾസ് റോഡിലെ പുതിയ മാളിയക്കൽ തറവാട്ടിൽ സയ്യിദ് അഹമ്മദ് ജിഫ്‌രി എന്ന ആറ്റക്കോയ തങ്ങൾ ജനിച്ചു.
മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയ ആറ്റക്കോയ തങ്ങൾ, മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മെയിൽ പത്രത്തിന്റെ കോഴിക്കോട് ലേഖകനായിരുന്ന ദാമോദരനിൽ നിന്ന് ഇംഗ്ലീഷും, സ്വപ്രയത്‌നത്തിലൂടെ മലയാളം, അറബി, ഉർദു, പേർഷ്യൻ എന്നീ ഭാഷകളും സ്വായത്തമാക്കി.
ബാല്യകാലം മുതൽ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആറ്റക്കോയ തങ്ങൾ, കുറുമ്പ്രനാട് താലൂക്ക് വൈസ് പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ്, കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗം, 1937 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ അഭിഭാഷകനായിരുന്ന അഡ്വക്കറ്റ് ബി. പോക്കർ സാഹിബിനെ പരാജയപ്പെടുത്തി കുറുമ്പനാട് റൂറൽ സീറ്റിൽ നിന്നുള്ള മദ്രാസ് നിയമസഭാംഗം, ഹിമായത്തുൽ ഇസ്‌ലാം സ്‌കൂൾ പ്രസിഡന്റ്, മലബാർ ജില്ലാ ഹജ്ജ് കമ്മിറ്റി പ്രസിഡന്റ്, തർബിയ്യത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ്, ജെ.ഡി.ടി. കമ്മിറ്റി അംഗം, മഊനത്തുൽ ഇസ്‌ലാം സഭ നിർവാഹക സമിതി അംഗം, മലബാർ സെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ അംഗം, ജില്ലാ വിദ്യാഭ്യാസ കൗൺസിൽ അംഗം തുടങ്ങി നിരവധി പൊതുപദവികൾ അലങ്കരിച്ചു.
1921-ലെ മലബാർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ മാപ്പിള അമിലിയറേഷൻ കമ്മിറ്റിയുടെ സജീവാംഗമായി പ്രവർത്തിച്ചു. 1923-ൽ പിതാവിന്റെ വഫാത്തിനെ തുടർന്ന് ഹിമായത്തുൽ ഇസ്‌ലാം സഭയുടെ പ്രസിഡന്റായി ചുമതലയേറ്റ ആറ്റക്കോയ തങ്ങൾ, ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളിനെ ഹൈസ്‌കൂളായി ഉയർത്തുന്നതിലും, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭയുടെ കീഴിൽ ഹൈസ്‌കൂൾ സ്ഥാപിക്കുന്നതിലും, ജെ.ഡി.ടി.യുടെ സ്ഥാപനത്തിലും അതിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ചു
കേരളത്തിലെ പ്രഥമ മുസ്‌ലിം കലാലയമായ ഫാറൂഖ് കോളേജിന്റെ സ്ഥാപന നിർമാണത്തിലും വളർച്ചയിലും മുഖ്യ പങ്കു വഹിച്ച തങ്ങൾ 1948-ൽ സ്വന്തം വസതിയിൽ വെച്ച് ഫാറൂഖ് കോളേജിന്റെ അനൗപചാരിക ഉദ്ഘാടനം നിർവഹിക്കുകയും, 1948 മുതൽ 1954 വരെ കോളേജ് മാനേജിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
1939-ൽ മുസ്‌ലിം ലീഗിൽ ചേർന്ന അദ്ദേഹം മലബാറിൽ മുസ്‌ലിം ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, 1940-ൽ കോഴിക്കോട് ചേർന്ന മലബാർ ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനാവുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് സർക്കാർ നൽകിയ ഖാൻ ബഹദൂർ ബഹുമതി ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടു.
കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം സാമൂഹിക പ്രശ്നങ്ങളിൽ മധ്യസ്ഥനായി പ്രവർത്തിച്ചു. വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
പൊതുസേവനരംഗത്തെ സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് സർക്കാർ 1931-ൽ "ഖാൻ ബഹദൂർ" പദവി നൽകി ആദരിച്ചു.
1954 ജൂലൈ 10-ന് അദ്ദേഹം വഫാത്തായി. കോഴിക്കോട് ഖാസി സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് തങ്ങൾസ് റോഡിലെ സ്വന്തം ഭവനത്തിലെ പള്ളിയങ്കണത്തിൽ ഖബറടക്കപ്പെട്ടു.
Education & Studies
- ✓Traditional Islamic Education
- ✓Secular Education under private tutors
- ✓English Language Studies under Damodaran (Correspondent of The Mail, Madras)
- ✓Self-taught polyglot (Mastered five languages)
- ✓Scholar of Malayalam Literature
Genealogy & Lineage
Academic References & Sources
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ , published by FOCUS publications (1994)Link
Profile Overview

