Sayyid Ahmed Shihabudheen Imbichikoya Thangal
Grand Qazi, Islamic Scholar & Arabic WriterBiography
കോഴിക്കോട്ടെ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം സേവനമനുഷ്ഠിച്ച പ്രമുഖ വലിയ ഖാസിയും, അറബി ഭാഷാ പണ്ഡിതനും, എഴുത്തുകാരനും, ചിന്തകനും, ഖുർആൻ പരിഭാഷകനുമായിരുന്നു സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ. പാണക്കാട് പഴയ മാളിയേക്കൽ സയ്യിദ് അബ്ദുല്ലക്കോയ തങ്ങളുടെയും മണ്ണാർക്കാട് കോട്ടോംപാടത്തെ ബീമനാട് ബഹിയാബിയുടെയും മകനായി 1922 മാർച്ച് 10 ന് പാണക്കാട്ടിൽ ജനനം.
വണ്ടൂർ ഹൈസ്കൂളിൽ നിന്ന് ഭൗതിക വിദ്യാഭ്യാസവും തുടർന്ന് കോട്ടക്കൽ, പൊടിയാട്ട് തുടങ്ങിയ വിവിധ ദർസുകളിൽ നിന്ന് മതപഠനവും നടത്തി. കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്ല്യാർ, സദഖത്തുല്ല മുസ്ല്യാർ, അബുസ്സബാഹ് മൗലവി, ആമയൂർ മുഹമ്മദ് മുസ്ല്യാർ, തേനു മുസ്ല്യാർ, ഒതുക്കുങ്ങൽ സൈനുദ്ദീൻ മുസ്ല്യാർ, കരിമ്പനക്കൽ അഹ്മദ് കുട്ടി മുസ്ലിയാർ എന്നിവർ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാരാണ്. അറബി ഭാഷയിൽ അതീവ തല്പരനായിരുന്ന തങ്ങൾ, സദഖത്തുല്ല മുസ്ലിയാർക്ക് കീഴിൽ ദർസ് പഠനം നടത്തിയിരുന്ന സമയത്തു, അബുസ്സബാഹ് മൗലവിയിൽ നിന്ന് അറബി ഭാഷ പഠിക്കുകയും പ്രാവീണ്യം നേടുകയും ചെയ്തു.
1947 മാർച്ച് 14-ന്, 24-ാം വയസ്സിൽ വെള്ളിഴായ്ച്ച ഉച്ചക്ക് മൂന്നു മണിക്കാണ് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ കോഴിക്കോട് ഖാസിയായി ചുമതലയേൽക്കുന്നത്. ഭാര്യയുടെ അമ്മാവനായിരുന്ന ഖാസി ഇസാപ്പളകത്ത് സയ്യിദ് അലി ബിൻ ഇമ്പിച്ചിക്കോയ തങ്ങളുടെ മരണത്തെ തുടർന്നാണ് അദ്ദേഹം കോഴിക്കോട് ഖാസി പദവി ഏറ്റെടുത്തത്. 1947 സെപ്റ്റംബറിൽ മദ്രാസ് സർക്കാർ കോഴിക്കോട് താലൂക്കിലെ ഖാസിയായി അദ്ദേഹത്തെ അംഗീകരിച്ചു. സ്ഥാനമേറ്റ സമയത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഖാസിയായിരുന്ന അദ്ദേഹം, പിന്നീട് മുന്നൂറോളം മഹല്ലുകളുടെയും കോഴിക്കോട് താലൂക്കിന്റെയും ഖാസിയായി സേവനമനുഷ്ഠിച്ചു.
അരനൂറ്റാണ്ട് കാലം കോഴിക്കോട് മുസ്‌ലിം സമൂഹത്തിന് ആത്മീയവും സാമൂഹികവുമായ നേതൃത്വം നൽകിയ അദ്ദേഹം കോഴിക്കോട് കുറ്റിച്ചിറയിലെ ചെറിയ ഭാഗവും വലിയ ഭാഗവും തമ്മിലുണ്ടായിരുന്ന ഭിന്നിപ്പ് അവസാനിപ്പിക്കുകയും കുടുംബപ്രശ്നങ്ങൾ, സ്വത്തുതർക്കങ്ങൾ, മാസപ്പിറവി തുടങ്ങിയ വിഷയങ്ങളിൽ തീർപ്പ് കല്പിക്കുകയും ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ അനുഷ്ഠാന കർമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികൾ അദ്ദേഹത്തിന്റെ അഭിപ്രായം ആരായുകയും അവ സ്വീകരിക്കുകയും ചെയ്തിരുന്നു.
മത, സാമൂഹിക, വിദ്യാഭ്യാസ, ഭരണരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന തങ്ങൾ നിരവധി സ്ഥാനങ്ങളും പദവികളും അലങ്കരിച്ചിരുന്നു. കോഴിക്കോട് തർബിയത്തുൽ ഇസ്‌ലാം സഭയുടെ പ്രസിഡന്റായും കേരള ഇസ്‌ലാമിക് അക്കാദമിയുടെ പ്രസിഡന്റായും ശരീഅത്ത് സംരക്ഷണ സമിതിയുടെ സംസ്ഥാന കൺവീനറായും കേരള വഖഫ് ബോർഡ് ചെയർമാനായും കേരള ഹജ്ജ് കമ്മിറ്റി അംഗമായും മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ കേരള ഘടകം ചെയർമാനായും സേവനമനുഷ്ഠിച്ചു. ഖാസിമാരുടെ സംഘടനയായ ജംഇയ്യത്തുൽ ഖുദാസിയുടെ അധ്യക്ഷനും കേരള ശരീഅത്ത് സംരക്ഷണസമിതി പ്രസിഡന്റുമായിരുന്നു.
അറബി സാഹിത്യത്തിലും രചനയിലും അതീവ തൽപരനായിരുന്ന ഖാസി, കറാച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അൽ-അറബ് അറബി മാസികയിലും, കെ.എ.ടി.എഫ് പ്രസിദ്ധീകരിച്ചിരുന്ന അൽ ബുഷ്റായിലും തുടർച്ചയായി അറബി ലേഖനങ്ങൾ എഴുതുകയും, 1960-കളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പരിചയപ്പെടുത്തി അറബി ലഘുലേഖകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലീമിന്റെ മുഖപത്രമായ അൽമുല്ലിം ആരംഭിക്കുന്നതും അതിന്റെ മുഖ്യപത്രാധിപനായി പ്രവർത്തിച്ചതും തങ്ങളായിരുന്നു.
1950-60 കാലഘട്ടത്തിൽ ചന്ദ്രിക വാരികയിൽ നിരന്തരമായി ലേഖനങ്ങൾ എഴുതിയിരുന്ന അദ്ദേഹം അറബ് രാജ്യങ്ങളെക്കുറിച്ചും കേരളത്തിലെ മുസ്‌ലിംകളുടെ ആവിർഭാവത്തെക്കുറിച്ചും അറേബ്യയും കേരളവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അറബികൾ കേരളത്തിലെ ഉൽപ്പന്നങ്ങളെ യൂറോപ്യന്മാർക്ക് പരിചയപ്പെടുത്തിയതിനെക്കുറിച്ചും സുപ്രധാനമായ മതവിഷയങ്ങളെക്കുറിച്ചും ഗഹനമായി പഠിക്കുകയും ആധികാരികമായി എഴുതുകയും ചെയ്തിരുന്നു.
അറബി ഭാഷയിൽ നിരവധി ലേഖനങ്ങൾ രചിച്ച അദ്ദേഹം അറബി ഭാഷാ പണ്ഡിതനായും ഗ്രന്ഥകാരനായും അറിയപ്പെട്ടു. അല്‍ബയാന്‍ ഫീ മആനില്‍ ഖുര്‍ആന്‍ എന്ന ഖുർആന്റെ മലയാള പരിഭാഷയും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇസ്‌ലാമിക കർമശാസ്ത്രത്തിലെ പാണ്ഡിത്യവും, അറബി സാഹിത്യത്തിലെ നൈപുണ്യവും അറബ് പണ്ഡിതന്മാരുടെ ശ്രദ്ധയും ആദരവും നേടിക്കൊടുത്തു. കുവൈത്തിലെ ശൈഖ് രിഫാഇ, ഖത്തറിലെ ഔഖാഫ് മന്ത്രിയും പണ്ഡിതനുമായ ശൈഖ് അബ്ദുല്ലാ അൻസാരി, യു.എ.ഇ.യിലെ ദാഇറത്തുൽ ഖാസ്സയുടെ മേധാവി ശൈഖ് ഗാനം മസൂറു തുടങ്ങിയ പ്രമുഖരുമായി വലിയ ഖാസി ഉറ്റ ബന്ധത്തിലായിരുന്നു.
1999 മെയ് 8-ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹം വഫാത്തായി.
Education & Studies
- ✓Vandur High School,
- ✓Religious education at various Dars institutions in Kottakkal, Podiyatt and other places.
Genealogy & Lineage
Photo Gallery

Portraits of Valiya Qazi Sayyid Ahmed Shihabudheen Imbichikoya Thangal
A collection of portraits of Valiya Qazi Sayyid Ahmed Shihabudheen Imbichikoya Thangal, seen in his characteristic white turban and formal dark attire. The photographs capture his dignified appearance, scholarly presence, and moments of reading and contemplation.





Academic References & Sources
- സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ: സ്മരണിക
Profile Overview

