Khan Bahadur Sayyid Hasan Jifri Muthukkoya Thangal
Educational reformer & Social leaderBiography
കോഴിക്കോട്ടെ പ്രമുഖ സയ്യിദ് കുടുംബത്തിൽ സയ്യിദ് അഹമ്മദ് ആറ്റക്കോയ തങ്ങളുടെയും ശരീഫ ആറ്റബിയുടെയും മകനായി 1856-ൽ സയ്യിദ് ഹസൻ ജിഫ്രി എന്ന മുത്തുക്കോയ തങ്ങൾ ജനിച്ചു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ കുടുംബാംഗവും ആത്മീയ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനുമായിരുന്നു.
കോഴിക്കോട്ടെ മുസ്ലിം സമൂഹത്തിന്റെ മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച തങ്ങൾ, അരനൂറ്റാണ്ടുകാലത്തോളം കോഴിക്കോട് മുസ്ലിംകളുടെ ആത്മീയവും ഭൗതികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മലബാർ മുസ്ലിംകളുടെ പ്രഥമ സംഘടനകളിലൊന്നായ ഹിമായത്തുൽ ഇസ്‌ലാം സഭയുടെ സ്ഥാപക നേതാവായിരുന്ന അദ്ദേഹം, മുപ്പത്തിയേഴാം വയസ്സിൽ സഭയുടെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജീവിതാന്ത്യം വരെ ആ പദവിയിൽ തുടർന്നു. 1912 ൽ സ്ഥാപിതമായ ഇൻതിശാറുൽ ഇസ്‌ലാം സംഘം അതിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഹിമായത്തുൽ ഇസ്‌ലാം സ്കൂൾ എന്നിവയുടെ മുഖ്യ സ്ഥാപക നേതാവും തങ്ങൾ തന്നെയാണ്,
മുസ്ലിംകൾ അറബി പഠനവും ഖുർആൻ പാരായണവുമായി ഓത്തു പള്ളിയിൽ ഒതുങ്ങിക്കൂടിയിരുന്ന ആ കാലത്തു, മുസ്ലിംകൾക്കു ആധുനിക വിദ്യാഭ്യാസം കൂടെ സാധ്യമാക്കണമെന്ന് ശക്തമായി വാദിച്ച തങ്ങളുടെ പരിശ്രമ ഫലമായാണ് ഹിമായത്തുൽ ഇസ്‌ലാം സ്കൂളും, കുറ്റിച്ചിറ സ്കൂളും ഉയർന്നു വന്നത്.
മുസ്ലിം വിദ്യാർത്ഥികൾക് മതപഠനം എളുപ്പമാവുക എന്ന ലക്ഷ്യത്തോടെ 1915 ൽ മലയാള ലിപിയിൽ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് 'നൂറുൽ ലുഖ്ബ്' എന്ന കൃതി. മറ്റൊരു ഗ്രന്ഥമാണ് അറബി-മലയാളത്തിൽ രചിച്ച നൂറുൽ മുഅ്മിനീൻ ഫീ ഫളാഇലിസ്സദാത്തി.
സാമൂഹിക സേവനരംഗത്തും അദ്ദേഹം സജീവമായിരുന്നു. 1894-ലെ ഏറനാട്–വള്ളുവനാട് മാപ്പിള ലഹളക്കുശേഷം നിരപരാധികളായ മുസ്ലിംകളോടുള്ള സൈനിക അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് ബ്രിട്ടീഷ് അധികാരികളുമായി ഇടപെട്ടു. ഒന്നാം ലോകമഹായുദ്ധകാലത്തെ ഭക്ഷ്യക്ഷാമത്തിൽ, സ്വന്തം ഭവനത്തിൽ ന്യായവിലയ്ക്ക് അരിയും മണ്ണെണ്ണയും വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കി. 1911-ൽ അലിഗർ മുസ്ലിം സർവകലാശാലയുടെ സ്ഥാപക നിർമാണത്തിനും, 1912-ലെ ബാൽക്കൻ യുദ്ധത്തിൽ പരിക്കേറ്റ മുസ്ലിം സൈനികരുടെ ചികിത്സ സഹായത്തിനുമുള്ള ധനസമാഹരണത്തിന് കോഴിക്കോട് നിന്ന് നേതൃത്വം നൽകിയത് തങ്ങളായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലിം സമൂഹത്തിന്റെ പ്രധാന പ്രതിനിധികളിലൊരാളായിരുന്നു അദ്ദേഹം. 1915-ൽ കോഴിക്കോട് മുനിസിപ്പൽ കൗൺസിലിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തു. 1913-ൽ സയ്യിദ് അഹമ്മദ് ഹുസൈൻ ആറ്റക്കോയ തങ്ങളെ വലിയ ഖാസിയായി സ്ഥാനാരോഹണം ചെയ്യിച്ച ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചു.
വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങളെ മാനിച്ച് 1897-ൽ സർക്കാർ അദ്ദേഹത്തിന് ബഹുമതി സർട്ടിഫിക്കറ്റ് നൽകി. 1903-ൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് എഡ്വേർഡ് ഏഴാമൻ്റെ നാമധേയത്തിലുള്ള അംഗീകാരവും ലഭിച്ചു. തുടർന്ന് മുസ്ലിം സമൂഹത്തിനും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 1910 ജൂലൈ 20-ന് മലബാർ കലക്ടർ ആർ. ബി. വുഡ് അദ്ദേഹത്തിന് "ഖാൻ ബഹദൂർ" പദവി നൽകി ആദരിച്ചു.
സയ്യിദ് അബ്ദുറഹിമാൻ സഖാഫ് തങ്ങളുടെ സഹോദരിയായ ശരീഫ അലവിയ്യ ആണ് ആദ്യഭാര്യ. പിന്നീട് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സഹോദരിയായ ഉമയ്യയെ വിവാഹം ചെയ്തു. ആദ്യഭാര്യയിലെ സന്താനങ്ങളാണ് ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളും സയ്യിദ് ഫള്ലും.
1923 ജൂലൈ 6 (ഹിജ്റ 1341 ദുൽഖഅദ് 21) വെള്ളിയാഴ്ച അദ്ദേഹം വഫാത്തായി. കോഴിക്കോട് മാളിയക്കൽ ഭവനത്തിലെ പള്ളിയങ്കണത്തിൽ ഖബറടക്കപ്പെട്ടു.
Genealogy & Lineage
Academic References & Sources
Profile Overview

iana
നൂറുൽ ലുഖ്ബ്
By ഖാൻ ബഹദൂർ സയ്യിദ് ഹസൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
നൂറുൽ മുഅ്മിനീൻ ഫീ ഫളാഇലിസ്സദാത്തി
By ഖാൻ ബഹദൂർ സയ്യിദ് ഹസൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
