Sayyid Abdul Qadir Ahdal Avelam
Sufi & Religious LeaderBiography
സുന്നി സംഘടനാ നേതാവും മതപണ്ഡിതനും മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ മുൻ പ്രസിഡന്റുമായിരുന്നു അവേലത്ത് ചെറിയ തങ്ങൾ എന്നറിയപ്പെട്ടിരുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ. സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷനായും വിദ്യാഭ്യാസ ബോർഡ് അധ്യക്ഷനായും പ്രവർത്തിച്ച അദ്ദേഹം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും സുന്നത്ത് ജമാഅത്തിന്റെ സംഘടനാ പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിച്ചു.
സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളുടെയും ചായമ്മ എന്നറിയപ്പെട്ടിരുന്ന സയ്യിദത്ത് ചെറിയ ബീവിയുടെയും ഇളയ പുത്രനായി 1928 സെപ്തംബര്‍ 22-ന് (1347 റബീഉല്‍ ആഖിര്‍ 7) പൂനൂരിനടുത്ത അവേലത്ത് തറവാട്ടിൽ ജനിച്ചു. പിതാവിന്റെ വഫാത്തിനുശേഷം ജ്യേഷ്ഠസഹോദരൻ സയ്യിദ് ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങളുടെ സംരക്ഷണത്തിലാണ് വളർന്നത്.
ഓത്തുപള്ളിയിൽ പ്രാഥമിക മതപഠനം ആരംഭിച്ച അദ്ദേഹം സ്കൂളിൽ എട്ടാം ക്ലാസ് പൂർത്തിയാക്കിയശേഷം കാന്തപുരം പള്ളിദർസിൽ ചേർന്നു. ഉസ്മാൻ മുസ്‌ലിയാരായിരുന്നു ഗുരുനാഥൻ. പിന്നീട് പൂനൂർ പള്ളിയിൽ എം.കെ. കുഞ്ഞിബ്രാഹീം മുസ്‌ലിയാരുടെ കീഴിൽ മുത്വവ്വൽ വരെ ദർസ് പഠനം നടത്തി. കൊടുവള്ളി മഹ്‌മൂദ് മുസ്‌ലിയാർ, പൂനൂർ എം.കെ. ബീരാൻ ഹാജി, സി.പി. അബൂബക്കർ മുസ്‌ലിയാർ, അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങിയവർ സഹപാഠികളായിരുന്നു.
ദർസ് പഠനകാലത്തുതന്നെ മത-സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രദേശത്ത് പ്രചരിച്ചിരുന്ന ചില ത്വരീഖത്ത് പ്രസ്ഥാനങ്ങളുടെ ആശയങ്ങളെ എതിർത്ത് സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. ജ്യേഷ്ഠസഹോദരൻ അദ്ദേഹത്തെ ഉന്നത മതപണ്ഡിതനാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും മതപരമായ അഭിപ്രായഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിൽ പഠനം അവസാനിപ്പിച്ച് സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.
1951 റബീഉൽ അവ്വലിൽ സുഹൃത്തുക്കളെയും നാട്ടുകാരെയും സംഘടിപ്പിച്ച് പുഴമാട്ടുമ്മലിൽ മൂന്ന് ദിവസം നീണ്ട മൗലിദ് മജ്‌ലിസിനും മതപ്രഭാഷണ പരിപാടികൾക്കും നേതൃത്വം നൽകി. പ്രദേശത്തെ മത-സാമൂഹിക പ്രവർത്തനങ്ങളുടെ വളർച്ചയിൽ ഈ പരിപാടി പ്രധാന വഴിത്തിരിവായി. തുടർന്ന് മതപ്രഭാഷണ പരമ്പരകളും മദ്റസാ വാർഷിക സമ്മേളനങ്ങളും സംഘടിപ്പിക്കുകയും കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരെ പങ്കെടുപ്പിക്കുകയും ചെയ്തു.
പ്രദേശത്തെ മതവിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് വരെയുള്ള മദ്റസ സ്ഥാപിക്കുന്നതിലും ദർസ് ആരംഭിക്കുന്നതിലും നേതൃത്വം നൽകി. ഒരുഘട്ടത്തിൽ അമ്പതോളം വിദ്യാർഥികൾ താമസിച്ചും നൂറ്റമ്പതോളം നാട്ടുകാരായ വിദ്യാർഥികൾ പതിവായും കിതാബുകൾ പഠിച്ചിരുന്ന വിദ്യാഭ്യാസ കേന്ദ്രമായി സ്ഥാപനം വളർന്നു.
1955-ഓടെ കാന്തപുരത്തും പരിസരപ്രദേശങ്ങളിലും ചില ത്വരീഖത്ത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന മതപരമായ അഭിപ്രായഭിന്നതകളിൽ സുന്നത്ത് ജമാഅത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. കോളിക്കലിൽ ഏകദിന ഉലമാ സമ്മേളനം സംഘടിപ്പിക്കുകയും പ്രമുഖ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് പ്രഭാഷണങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുകയും ചെയ്തു.
മതവിദ്യാഭ്യാസ-സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അബ്ദുൽ ഖാദിർ തങ്ങൾ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന ഉപാധ്യക്ഷൻ, വിദ്യാഭ്യാസ ബോർഡ് അധ്യക്ഷൻ, ജംഇയ്യത്തുൽ ഉലമാ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം ജീവിതാന്ത്യം വരെ ആ പദവിയിൽ തുടർന്നു. മർക്കസിന്റെ ആദ്യകാല പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിലും പ്രധാന പങ്കുവഹിച്ചു.
ചാലിയം തലാഞ്ചേരി ആറ്റക്കോയ തങ്ങളുടെയും മരക്കാർ കുടുംബത്തിലെ ഫാത്വിമ ബീവിയുടെയും മകൾ ശരീഫ ബീവിയെയായിരുന്നു വിവാഹം ചെയ്തത്. പൂനൂരിൽ ദർസ് പഠനം നടത്തിക്കൊണ്ടിരുന്ന കാലത്തായിരുന്നു വിവാഹം. വിവാഹശേഷവും അദ്ദേഹം മതപഠനം തുടർന്നു.
2002(ഹി. 1423 ) ജമാദുൽ ഊലാ 5നായിരുന്നു അദ്ദേഹത്തിന്റെ വഫാത്ത്.
Education & Studies
- ✓Religious Education: studied under Poonoor Kunhibrahim Musliyar.
Genealogy & Lineage
Photo Gallery

Avelath Thangal

Profile Overview

