Sayyid Muhammad Pookoya Thangal
Spiritual Leader & Community LeaderBiography
പടിഞ്ഞാറൻ മലബാറിലെ മത-സാമൂഹിക മേഖലകളിൽ സ്വാധീനം ചെലുത്തിയ ആത്മീയ നേതാവും സാമൂഹിക പ്രശ്നപരിഹാരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായിരുന്നു അവേലത്ത് സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങൾ. ജാതിമതഭേദമന്യേ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം പൂനൂരിലെയും സമീപ പ്രദേശങ്ങളിലെയും സാമൂഹിക ജീവിതത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
സയ്യിദ് ഹുസൈൻ കോയ തങ്ങളുടെ മകനായിരുന്നു. വടകര കാരക്കാട്ടിൽനിന്ന് ആവിലോറയിലെത്തിയ പിതാവ്, പ്രദേശത്തെ ഒരു തർക്കവിഷയം രമ്യമായി പരിഹരിച്ചതിനെ തുടർന്ന് താമരശ്ശേരി തച്ചംപൊയിൽ പള്ളിപ്പുറം ഇല്ലത്തെ നമ്പൂതിരി നൽകിയ പൂനൂരിലെ കാന്തപുരം പ്രദേശത്ത് താമസമാക്കി. പിന്നീട് പൂനൂരിനടുത്ത അവേലത്ത് താമസമാക്കിയത് സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളായിരുന്നു.
മലബാർ കലാപകാലത്ത് വിവിധ പ്രദേശങ്ങളിൽ ജന്മി-കുടിയാൻ സംഘർഷങ്ങൾ രൂക്ഷമായപ്പോഴും പൂനൂരിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ പൂക്കോയ തങ്ങളുടെ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചു. സാമൂഹിക തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിലും വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി.
മത-സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും ആത്മീയ ചികിത്സയ്ക്കും ഉപദേശങ്ങൾക്കുമായി ജാതിമതഭേദമന്യേ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. ആത്മീയ ചികിത്സയോടൊപ്പം ചില ഔഷധങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്നു.
ജനങ്ങൾക്കിടയിൽ വലിയ ആദരവും സ്വീകാര്യതയും നേടിയിരുന്ന പൂക്കോയ തങ്ങൾക്ക് യാത്ര ചെയ്യാനായി കാന്തപുരത്തുകാർ മഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രത്യേക പല്ലക്ക് ഒരുക്കിയിരുന്നു. ആളുകൾ ചുമലിലേറ്റി കൊണ്ടുപോയിരുന്ന ഈ വാഹനത്തിലായിരുന്നു അദ്ദേഹത്തിന്റെ ചില യാത്രകൾ.
ഇരിങ്ങൽ കോട്ടക്കൽ ആയാട്ടു തറവാട്ടിലെ ചെറിയ ബീവിയെയായിരുന്നു വിവാഹം ചെയ്തത്. ഈ ദാമ്പത്യത്തിൽ അഞ്ച് പുത്രന്മാരും അഞ്ച് പുത്രിമാരുമുൾപ്പെടെ പത്ത് മക്കളുണ്ടായിരുന്നു. വലിയ തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് ഹുസൈൻ കോയ തങ്ങളാണ് മൂത്ത പുത്രൻ. അവേലത്ത് തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളാണ് ഇളയ പുത്രൻ.
നാട്ടിൽ പടർന്നുപിടിച്ച വസൂരിരോഗം ബാധിച്ചാണ് പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ അഞ്ച് മക്കളും മരണപ്പെട്ടത്. റജബ് 18-ന് രാത്രി നിസ്കാരത്തിനുശേഷം ഹദ്ദാദ് പാരായണത്തിനിടെയായിരുന്നു അവേലത്ത് സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളുടെ വഫാത്ത്.
