Sayyid Hyderali Shihab Thangal
Islamic Scholar, Community Leader & QaziBiography
നാലര പതിറ്റാണ്ട് കാലം മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിന്ന പണ്ഡിതനും ഖാസിയും സമുദായ നേതാവുമായിരുന്ന ആറ്റപ്പൂ എന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. 2009-ൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിനു ശേഷം “പാണക്കാട്ടെ വലിയ തങ്ങൾ” എന്ന സ്ഥാനത്ത് വന്നത് ഹൈദരലി തങ്ങളായിരുന്നു. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും ചരിത്രത്തിൽ അസാധാരണമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലം കൂടിയായിരുന്നു അദ്ദേഹത്തിന്റെ നേതൃകാലം.
1947 ജൂൺ 15-ന് പാണക്കാട്ട് കൊടപ്പനക്കൽ തറവാട്ടിൽ പി. എം. എസ്. എ. പൂക്കോയ തങ്ങളുടെയും സയ്യിദ ആയിഷ ചെറുകുഞ്ഞിബീവിയുടെയും മകനായി ജനനം. തൊട്ടടുത്ത വർഷം മാതാവ് മരണപ്പെട്ടതിനെ തുടർന്ന് പിതൃസഹോദരി മുത്തുബീവിയുടെ സംരക്ഷണത്തിലാണ് വളർന്നത്. പാണക്കാട്ടെ സ്കൂൾ-മദ്റസകളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജ്യേഷ്ഠന്മാരെപ്പോലെ കോഴിക്കോട് എം.എം. ഹൈസ്കൂളിൽ ചേർന്നു. 1965-ൽ എസ്. എസ്. എൽ. സി പാസ്സായി.
തുടർന്ന് പിതാവിന്റെ നിർദേശപ്രകാരം പട്ടർനടക്കാവ്, തിരുന്നാവായക്കടുത്ത കോന്നല്ലൂർ എന്നിവിടങ്ങളിൽ ദർസ് പഠനം നടത്തി. കാട്ടിപ്പരുത്തി കുഞ്ഞാലൻകുട്ടി മുസ്‌ലിയാർ, അച്ചിപ്ര മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ. 1970-ൽ പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ ചേർന്നു. അവിടെ കരുവാരക്കുണ്ട് കെ.കെ. അബ്ദുല്ല മുസ്‌ലിയാരായിരുന്നു ഉസ്താദ്. നാട്ടിക വി. മൂസ മുസ്‌ലിയാർ, പുറങ്ങ് അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവർ സഹപാഠികളായിരുന്നു.
അഞ്ചു വർഷത്തെ പഠനത്തിനു ശേഷം ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ചേർന്നു. ശംസുൽ ഉലമ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുമരംപുത്തൂർ എ.പി. മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാർ. 1976-ൽ ഫൈസി ബിരുദം നേടി പുറത്തിറങ്ങി.
പഠന കാലത്തുതന്നെ കർമവീഥിയിൽ സജീവമായിരുന്നു തങ്ങൾ. പട്ടിക്കാട് കോളേജിലെ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായിട്ടായിരുന്നു തുടക്കം. 1973-ൽ സമസ്തയുടെ കീഴിൽ വിദ്യാർത്ഥി സംഘടനയായ എസ്. എസ്. എഫ് രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് തങ്ങളായിരുന്നു. 1979 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
1981-ൽ സമസ്ത വിദ്യാഭ്യാസ ബോർഡിൽ അംഗമായി. 1989-ൽ വിദ്യാഭ്യാസ ബോർഡ് കമ്മിറ്റി പുനഃക്രമീകരിച്ചപ്പോൾ ട്രഷറർ സ്ഥാനത്തെത്തി; മരണം വരെ ആ സ്ഥാനത്ത് തുടർന്നു. 1987-ൽ സുന്നി മഹല്ല് ഫെഡറേഷൻ രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് പ്രസിഡന്റായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ വഫാത്തിനെ തുടർന്ന് സുന്നി മഹല്ല് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
2008 ജൂലൈ 7-ന് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത മുശാവറ യോഗത്തിൽ തങ്ങൾ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയിൽ സയ്യിദ് ഉമറലി തങ്ങൾ നിർവഹിച്ചിരുന്ന റോൾ പിന്നീട് ഹൈദരലി തങ്ങൾ ഏറ്റെടുത്തു. 2010 ഒക്ടോബർ 2-ന് ചേർന്ന മുശാവറയിൽ സമസ്ത വൈസ് പ്രസിഡന്റായി ഹൈദരലി തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയുടെ നിരവധി സമ്മേളനങ്ങളിലും പ്രാസ്ഥാനിക പരിപാടികളിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു.
മതനേതൃത്വത്തോടൊപ്പം രാഷ്ട്രീയ നേതൃത്വത്തിലും ഹൈദരലി തങ്ങൾ സജീവമായിരുന്നു. പൂക്കോയ തങ്ങളുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. മുഹമ്മദലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത് ഹൈദരലി തങ്ങളായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ട് മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റായി പ്രവർത്തിച്ചു.
2009-ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ വഫാത്തിനെ തുടർന്ന് ഹൈദരലി തങ്ങൾ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് തങ്ങൾക്ക് കീഴിൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ചരിത്രപരമായ വിജയം നേടി. പാർട്ടി 20 നിയമസഭാ സീറ്റുകൾ നേടുകയും മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരെ ലഭിക്കുകയും ചെയ്തു.
തങ്ങൾ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ എത്തിയതിനു ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി. ബൈതുറഹ്മ കാരുണ്യവീട് പദ്ധതി, സി.എച്ച് സെന്ററുകളുടെ വ്യാപനം, ഡയാലിസിസ് സെന്ററുകൾ, റംസാൻ റിലീഫ്, തീരദേശ റിലീഫ്, വൈറ്റ് ഗാർഡ് തുടങ്ങിയ പദ്ധതികൾ ഈ കാലഘട്ടത്തിൽ സജീവമായി പ്രവർത്തിച്ചു.
മത-രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം പൊതുസേവനരംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വഖ്ഫ് ബോർഡിന്റെ ചെയർമാനായും ചെമ്മാട് ദാറുൽ ഹുദായുടെ സ്ഥാപക ചാൻസലറായും സേവനമനുഷ്ഠിച്ചു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ ഉൾപ്പെടെ നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ-അഗതി മന്ദിരങ്ങളുടെ അധ്യക്ഷൻ തുടങ്ങിയ വിവിധ നേതൃചുമതലകളും അദ്ദേഹം വഹിച്ചു.
കൊയിലാണ്ടി അബ്ദുല്ല ബാഫഖി തങ്ങളുടെ പുത്രി ശരീഫ ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ.
2022 മാർച്ച് 6-ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വെച്ച് അദ്ദേഹം വഫാത്തായി.
Education & Studies
- ✓Primary education from Panakkad school and madrasa
- ✓SSLC from M.M. High School, Kozhikode in 1965
- ✓Dars studies at Pattarnadakkavu and Konnallur near Tirunnavaya
- ✓studied at Ponnani Maunathul Islam Arabic College from 1970
- ✓higher studies at Jamia Nooriya, Pattikkad; received the Faizy degree in 1976.
Genealogy & Lineage
Photo Gallery

Portraits of Panakkad Sayyid Hyderali Shihab Thangal
A collection of portraits of Panakkad Sayyid Hyderali Shihab Thangal, capturing his dignified appearance, scholarly presence, and public persona across different moments of his life.





Academic References & Sources
- പാണക്കാട് തങ്ങന്മാർ കേരളം, സമൂഹനിർമിതി, അഭിമാനകരമായ അസ്തിത്വം by ഡോ. മോയിൻ മലയമ്മ Link
Profile Overview

iana
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
By പീണങ്ങോട് അബൂബക്കർ
