Sayyid Muhammad Fakhruddin Koyakutty Thangal
AuthorBiography
മതപണ്ഡിതനും ഗ്രന്ഥകാരനും അറബി-മലയാളം സാഹിത്യകാരനുമായിരുന്നു സയ്യിദ് മുഹമ്മദ് ഫഖ്റുദ്ദീൻ കോയക്കുട്ടി തങ്ങൾ. പാടൂർ കോയക്കുട്ടി തങ്ങൾ, പുതിയങ്ങാടി തങ്ങൾ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അദ്ദേഹം ഫിഖ്ഹ്, സാധാരണക്കാർക്ക് അറബി-മലയാളത്തിലൂടെ അവതരിപ്പിച്ച ആദ്യകാല പണ്ഡിതന്മാരിലൊരാളായിരുന്നു.
ചാവക്കാട് പുതിയ കടപ്പുറം ബുഖാരി സാദാത്തുകളുടെ വംശപിതാവായ കടപ്പുറം അഹമ്മദുൽ ബുഖാരി തങ്ങളുടെ മകൻ സയ്യിദ് ഇബ്രാഹീം മസ്താൻ തങ്ങളുടെയും വെട്ടത്ത് പുതിയങ്ങാടി കോട്ടത്തറ അബ്ദുൽ അസീസ് എന്നവരുടെ പുത്രി ഫാത്വിമയുടെയും മകനായി തിരൂർ വെട്ടത്ത് പുതിയങ്ങാടിയിലെ കോട്ടത്തറ വീട്ടിൽ ജനിച്ചു. നാട്ടിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം പൊന്നാനിയിലെത്തി പഠനം തുടർന്നു. നിരവധി വർഷത്തെ പഠന പരിശീലനത്തിലൂടെ അറബി, മലയാളം ഭാഷകളിൽ പ്രാവീണ്യം നേടി. മൂന്ന് തവണ ഹജ്ജ് നിർവഹിച്ച അദ്ദേഹം അറേബ്യ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ നിരവധി ശൈഖുമാരുടെ ശിഷ്യത്വം സ്വീകരിച്ചു.
വളപട്ടണം ഖാസി, സയ്യിദ് ഇബ്രാഹീമിന്റെ പൗത്രനും കൊച്ചിയിലെ ഖാസിയുമായിരുന്ന ശൈഖ് സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങളാണ് ആത്മീയ ഗുരു. അദ്ദേഹത്തിന്റെ പുത്രി ഖദീജ ബീവിയെയായിരുന്നു വിവാഹം ചെയ്തത്. ഈ ദാമ്പത്യത്തിൽ മൂന്ന് പുത്രന്മാരും മൂന്ന് പുത്രിമാരുമുൾപ്പെടെ ആറ് മക്കളുണ്ടായിരുന്നു. പുത്രന്മാരിലൊരാളായ സയ്യിദ് ഇബ്രാഹീം ചെറുപ്പത്തിൽ വഫാത്തായി.
സാധാരണക്കാർക്ക് ഇസ്‌ലാമിക വിശ്വാസാചാരങ്ങൾ ലളിതമായി മനസ്സിലാക്കുന്നതിനായി അറബി-മലയാളത്തിൽ നിരവധി കൃതികൾ രചിച്ചു. ഹിജ്റ 1277-ൽ ‘മനാസിക്കുൽ മലൈബാരി ഫീ ഹജ്ജി ബൈത്തില്ലാഹിൽ ബാരി’ എന്ന ഹജ്ജ് കൃതി രചിച്ചു. ‘മനാസിക്കുൽ ഹജ്ജ്’ എന്ന പേരിൽ ഈ ഗ്രന്ഥത്തിന്റെ അറബി-മലയാളം പതിപ്പ് തലശ്ശേരി, പൊന്നാനി, തിരൂരങ്ങാടി എന്നിവിടങ്ങളിൽനിന്ന് പലതവണ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പ്രധാന കൃതിയായ ‘ഖസ്ദുസ്സബീൽ ഫീ ത്വാഅത്തിൽലാഹിൽ മാലികിൽ ജലീൽ’ (വൈതുല്യം തർജമ) ഇസ്‌ലാമിക കർമശാസ്ത്രമായ ഫിഖ്ഹ് ലളിതമായി അവതരിപ്പിക്കുന്ന അറബി-മലയാളം ഗ്രന്ഥമാണ്. ഇതിന്റെ രചന ഹിജ്റ 1278 ജമാദുൽ അവ്വൽ 13-ന് (എ.ഡി. 1861 നവംബർ 17) പൂർത്തിയാക്കി. ഹിജ്റ 1279 റജബ് 6-ന് (എ.ഡി. 1862 ഡിസംബർ 28) കണ്ണൂരിൽ അയിത്താണ്ടിയിൽ കുഞ്ഞിഹംസയും പള്ളിയരയിൽ മൊയ്തീൻകുട്ടിയും ചേർന്ന് അച്ചടിച്ചു.
അറബിയിലും അറബി-മലയാളത്തിലുമായി നിരവധി കൃതികളും ഫത്‌വകളും രചിച്ചിരുന്ന അദ്ദേഹത്തിന്റെ ചില രചനകൾ ഇന്ന് ലഭ്യമല്ല. ത്വരീഖത്തിനെ സംബന്ധിച്ച് ‘രിസാലത്തുൽ ഉൽവിയ്യ’ എന്ന അറബി കൃതി രചിക്കുകയും അതിനെ ‘വിശേഷാരിസാല’ എന്ന പേരിൽ അറബി-മലയാളത്തിലേക്ക് സ്വയം ഭാഷാന്തരപ്പെടുത്തുകയും ചെയ്തു. ‘സൈഫുൽ മുബീൻ ഫീ മനാഹിജി അഹ്ലിൽ ഹഖ്ഖി വൽ യഖീൻ’, ‘റദ്ദുൽ മതീൻ ഫീ ഫത്മി മത്നി ബദ്രിൽ മുബീൻ ലിൽ അല്ലാമാ; അഹ്മദ് ബ്നു ഇമ്രാനു നഖ്‌ശബന്ദി’ തുടങ്ങിയ കൃതികളും ത്വരീഖത്തിനെ സംബന്ധിച്ച് രചിച്ചു. ‘സൈഫുൽ മുളീഅ്’, ‘ഫവാഇദുൽ ഉനാസ്’, ‘തിറ്യാഖുശ്ശിഫാ’ എന്നിവ അദ്ദേഹത്തിന്റെ പദ്യകൃതികളാണ്.
അക്കാലത്ത് മലബാറിൽ സജീവമായിരുന്ന പൊന്നാനി-കൊണ്ടോട്ടി തർക്കത്തിൽ നിർണ്ണായകമായ പല നിലപാടുകളും പ്രസ്ഥാവനകളും അദ്ദേഹം നടത്തിയിരുന്നു. ഭക്തിഗാനങ്ങളുടെയും ചില മതാചാരങ്ങളുടെയും ഉള്ളടക്കത്തെ വിമർശിക്കുന്ന പരാമർശങ്ങളും ‘വൈതുല്യം’ ഉൾപ്പെടെയുള്ള കൃതികളിൽ കാണാം. സൂഫി പാരമ്പര്യവുമായി ബന്ധപ്പെട്ടുനിന്നുകൊണ്ടുതന്നെ മതപരമായ ചില ആചാരങ്ങളെയും വ്യാഖ്യാനങ്ങളെയും വിമർശിച്ച പണ്ഡിതനായിരുന്നു അദ്ദേഹം.
പിന്നീട് ചാവക്കാടിനടുത്ത പാടൂരിൽ താമസമാക്കിയ അദ്ദേഹം മസ്ജിദുൽ വുസ്താ എന്നറിയപ്പെട്ടിരുന്ന പള്ളി നിർമിക്കുകയും അതിനോടനുബന്ധിച്ച് നിരവധി കിതാബുകളടങ്ങിയ ഗ്രന്ഥശാല സ്ഥാപിക്കുകയും ചെയ്തു. ഇന്ന് വളപ്പിൽ പള്ളി എന്നറിയപ്പെടുന്ന ഈ പള്ളി ആരാധനയ്ക്കൊപ്പം വിജ്ഞാനപ്രസരണത്തിന്റെയും കേന്ദ്രമായിരുന്നു.
മാപ്പിള ലബ്ബ ആലിം സാഹിബ്, സൈനുദ്ദീൻ റംലി, എരമംഗലത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഹിശാം മുസ്‌ലിയാർ, മഖ്ദൂം പൊന്നാനി വലിയ ബാവ മുസ്‌ലിയാർ, കാസർകോട് ഖാളി അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമകാലികരും പണ്ഡിതബന്ധം പുലർത്തിയിരുന്നവരുമായിരുന്നു. മാപ്പിള ലബ്ബ ആലിം സാഹിബും അല്ലാമാ ശൈഖ് അബ്ദുസ്സലാം മദ്ഹരി (മധുര)യും അദ്ദേഹത്തെക്കുറിച്ച് മർസിയ്യകൾ (വിലാപകാവ്യങ്ങൾ) രചിച്ചിട്ടുണ്ട്.
1881 മാർച്ച് 5 (ഹി:1298 റബീഉൽ ആഖിർ 30) -ന്, 63-ാം വയസ്സിൽ സയ്യിദ് മുഹമ്മദ് ഫഖ്റുദ്ദീൻ കോയക്കുട്ടി തങ്ങൾ വഫാത്തായി. പാടൂർ അദ്ദേഹം നിർമ്മിച്ചിട്ടുള്ള വളപ്പിൽ പള്ളിയുടെ തെക്കുഭാഗത്തെ മഖ്ബറയിലാണ് അന്ത്യവിശ്രമം.
Education & Studies
- ✓Spiritual Guide: Sheikh Sayyid Muhammad Kochu Koya Thangal, Qazi of Kochi and grandson of Sayyid Ibrahim Thangal, Qazi of Valapattanam.
Genealogy & Lineage
Academic References & Sources
- Arabic-Malayalam Texts at the British Library: Themes, Genres, and Production by Mahmood Kooria, published by Brill Academic Publishers (2023)Link
- The Bukhari Sayyids of Malabar by Hussain Randathani ( 2016)Link
- കേരളത്തിലെ ബുഖാരി സാദാത്തുകൾ: ചരിത്രവും സംഭാവനകളും by Niyas Ali Thangal, published by Muslim HeritageLink
- Rearticulating Tradition in Modern Contexts: Islamic Organizations in Twentieth Century Kerala by Abdul Majeed O. P., published by Jawaharlal Nehru University (2015)Link
- കേരളത്തിലെ ബുഖാരി സാദാത്തീങ്ങൾ by കെ. കുഞ്ഞുമുസ്ലിയാർ ഫൈസി, published by മസ്ജിദുസ്വമദാനി (ബുഖാറ പള്ളി)പുനർ നിർമ്മാണ കമ്മിറ്റി (1978)Link
Profile Overview
iana
قصد السبيل في طاعة الله الملك الجليل
By السيد محمد فقر الدين بن أحمد البخاري
مناسك الملباري
By السيد محمد فقر الدين بن أحمد البخاري
الرسالة العلوية
By السيد محمد فقر الدين بن أحمد البخاري
السيف المبين
By السيد محمد فقر الدين بن أحمد البخاري
الرد المتين
By السيد محمد فقر الدين بن أحمد البخاري
فوائد الأناس
By السيد محمد فقر الدين بن أحمد البخاري
ترياق الشفاء
By السيد محمد فقر الدين بن أحمد البخاري
فيض الساري
By السيد محمد فقر الدين بن أحمد البخاري
