Sayyid Ahmad Al-Bukhari
Sufi LeaderBiography
ആത്മീയ വഴികാട്ടിയും ചാവക്കാട് പുതിയ കടപ്പുറം ബുഖാരി സാദാത്തുകളുടെ വംശപിതാവുമാണ് സയ്യിദ് അഹമ്മദുൽ ബുഖാരി.
കേരളത്തിലെ ബുഖാരി ഖബീലയുടെ വംശപിതാവ് സയ്യിദ് അഹ്‌മ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ അഞ്ചാം പൗത്രൻ സയ്യിദ് മുഹമ്മദിന്റെയും സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിയുടെ സഹോദരി സൈദാനിയ്യ ബീവിയുടെയും മകനായി കവരത്തി ദ്വീപിൽ ജനിച്ചു. കവരത്തിയിലെ ജീവിതത്തിനു ശേഷം കുടുംബത്തോടൊപ്പം മലബാറിലേക്ക് യാത്രതിരിച്ച അദ്ദേഹം കൊച്ചിയിലെ നെട്ടൂരിലെത്തി മാതുലനായ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിയുടെ കൂടെ താമസിച്ചു. ഈ സമയത്താണ് മൗലൽ ബുഖാരി തങ്ങളുടെ പുത്രി സൈനബ ബീവിയുമായുള്ള വിവാഹം നടക്കുന്നത്.
തുടർന്ന് കുടുംബത്തോടൊപ്പം ചാവക്കാട് സമീപമുള്ള ചേറ്റുവയിലെത്തി പുതിയ കടപ്പുറത്ത് താമസമുറപ്പിച്ച അദ്ദേഹം, സ്ഥലത്തെ പ്രമുഖ ജന്മി കുടുംബമായ മഞ്ഞളായി നായർ തറവാട്ടിലെ ഒരു സ്ത്രീയെ ചികിത്സിച്ചു ഭേദമാക്കിയതിനെ തുടർന്നു, കുടുംബം പാരിതോഷികമായി അദ്ദേഹത്തിന് പള്ളിയും വീടും നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം നൽകി. പിന്നീട് അതിനു ചുറ്റുമായി ഏകദേശം നൂറ് ഏക്കറോളം ഭൂമി കൂടി അദ്ദേഹം വാങ്ങി. ഈ ഭൂമി കോയന്റാവായിൽ എന്ന പേരിലും, അവിടെ അദ്ദേഹം നിർമിച്ച മസ്ജിദ് സ്വമദാനി പിന്നീട് ബുഖാറ പള്ളി എന്ന പേരിലും അറിയപ്പെട്ടു.
അദ്ദേഹത്തിന്റെ ആത്മീയ സ്വാധീനവും സേവനങ്ങളും കാരണം വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെ നിരവധി പേർ ബുഖാറയിലേക്ക് എത്തിത്തുടങ്ങി. ആത്മീയ മാർഗനിർദേശത്തിനും വിവിധ ആവശ്യങ്ങൾക്കും പ്രശ്നപരിഹാരങ്ങൾക്കുമായി ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. ഇങ്ങനെ പുതിയ കടപ്പുറം ബുഖാറ ബുഖാരി സാദാത്തുകളുടെ പ്രധാന കുടുംബകേന്ദ്രമായും ആത്മീയ സാന്നിധ്യമായും വളർന്നു.
കവരത്തിയിലെ ആദ്യ ഭാര്യയിൽ സയ്യിദ് മുഹമ്മദ് എന്നൊരു മകനുണ്ടായിരുന്നു. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അദ്ദേഹം ജിദ്ദയിൽ വെച്ച് വഫാത്തായി. സൈനബ ബീവിയിൽ നാല് പുത്രന്മാരും രണ്ട് പുത്രിമാരുമുണ്ടായിരുന്നു. അവരുടെ സന്താനപരമ്പരയിലൂടെയാണ് കടപ്പുറം ബുഖാറയിലെ ബുഖാരി കുടുംബം വികസിച്ചത്.
1822 നവംബർ 19 (ഹി. 1233)ന് വഫാത്തായ സയ്യിദ് അഹമ്മദുൽ ബുഖാരി തങ്ങളുടെ മഖ്ബറ, ബുഖാറ മസ്ജിദിന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
