Eessappilakath Sayyid Ali Imbichikoya Thangal
Qazi & Community LeaderBiography
കോഴിക്കോട്ടെ മുസ്‌ലിം സമൂഹത്തിന്റെ മത-സാമൂഹിക ജീവിതത്തിൽ ശ്രദ്ധേയ പങ്കുവഹിച്ച ഖാസിയും സമുദായനേതാവുമായിരുന്നു ഈസ്സാപ്പിളകത്ത് സയ്യിദ് അലി ബിൻ ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങൾ. ഖാസി സയ്യിദ് ഹുസൈൻ മുല്ലക്കോയ തങ്ങളുടെയും ഹലീമ മുത്തുബീവിയുടെയും മകനായി 1900 ഒക്ടോബർ 30/ ഹിജ്റ 1318 റജബ് 7ന് കോഴിക്കോട് ജനനം.
പിതാവിന്റെ ശിക്ഷണത്തിൽ വീട്ടിൽവെച്ചും പിന്നീട് ജുമുഅത്ത് പള്ളിയിൽവെച്ചും മതപഠനം നടത്തി. ശേഷം സ്വപ്രയത്നത്തിലൂടെ അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യം നേടി.
പാണക്കാട് സയ്യിദ് മുഹമ്മദ് മുഹളാർ ആറ്റക്കോയ തങ്ങളുടെ മരണശേഷം 1928 ജനുവരി 15-ന്, ഹിജ്റ 1346 റജബ് 21-ന്, കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ നടന്ന വിപുലമായ ചടങ്ങിൽ അദ്ദേഹം വലിയഭാഗത്തിന്റെ ആറാമത്തെ ഖാസിയായി സ്ഥാനമേറ്റു. പുതിയമാളിയക്കൽ സയ്യിദ് അഹമ്മദ് ജിഫ്രി ആറ്റക്കോയ തങ്ങൾ, സയ്യിദ് ശൈഖ് ജിഫ്രി കുഞ്ഞിസീതിക്കോയ തങ്ങൾ, മുച്ചുന്ത്യകത്ത് അബ്ദുള്ളക്കോയ ഹാജി, സീതിമരക്കാരകത്ത് അബ്ദുൽഖാദർ ഹാജി, ഖാൻ സാഹിബ് കുഞ്ഞഹമ്മദ്കോയ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. ഖാസിയായി അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ ഗസറ്റ് വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.
ഖാസി സ്ഥാനാരോഹണദിനം കോഴിക്കോട് മുസ്‌ലിം സമൂഹത്തിന്റെ പൊതുചടങ്ങായി മാറി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും തൊഴിലാളികൾ പ്രവർത്തനം നിർത്തിവെച്ച് ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഹൈന്ദവ വ്യാപാരികളും ആദരസൂചകമായി കടകൾ അടച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവങ്ങൾക്ക് അന്നദാനവും നടത്തി. കുറ്റിച്ചിറയിലും പരിസരങ്ങളിലും അലങ്കാരങ്ങൾ ഒരുക്കുകയും പ്രത്യേക വളണ്ടിയർ സംഘങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. ജുമുഅത്ത് പള്ളിയിലെ ചടങ്ങിലും തുടർന്നുള്ള സ്വീകരണത്തിലും ഏകദേശം ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു.
ഖാസിയുടെ ചിഹ്നമായ തലപ്പാവ് പുതിയങ്ങാടി സയ്യിദ് മുല്ലക്കോയ തങ്ങൾ അണിയിക്കുകയും, സ്ഥാനാരോഹണ പ്രഖ്യാപനം ഖാൻബഹദൂർ ആറ്റക്കോയ തങ്ങൾ നിർവഹിക്കുകയും ചെയ്തു. തുടർന്ന് പല്ലക്കിൽ നഗരം ചുറ്റി കൊണ്ടുവന്ന ഖാസിയെ കുറ്റിച്ചിറയിലെ സ്വീകരണപ്പന്തലിലേക്ക് ആനയിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാജകുടുംബ പ്രതിനിധികൾ, സാമൂഹിക പ്രമുഖർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട്ടെ മുസ്‌ലിംകളുടെ മത-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സയ്യിദ് അലി ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങൾ. 1932-ൽ സ്ഥാപിതമായ തർബിയത്തുൽ ഇസ്‌ലാം സഭയുടെ സ്ഥാപകനും മരണം വരെ അതിന്റെ പ്രസിഡന്റുമായിരുന്നു. സുന്നി വിഭാഗത്തിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം 1943-ലെ സമസ്ത മലബാർ ജില്ലാ സമ്മേളനത്തിന്റെ അധ്യക്ഷനായി പ്രവർത്തിച്ചു. സർക്കാർ സദസ്സുകളിലേക്കും അദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചിരുന്നു.
കോഴിക്കോട് ചെറിയ പുതിയമാളിയക്കൽ കുടുംബത്തിലെ ശരീഫ ഫാത്തിമ ആറ്റബിയായിരുന്നു ആദ്യ ഭാര്യ. ഹിജ്റ 1339 സഫർ 3-ന് വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആദ്യ ഭാര്യയുടെ മരണശേഷം, കൊയിലാണ്ടിയിലെ വലിയകത്ത് ചെറുകുഞ്ഞിക്കോയ തങ്ങളുടെ മകൾ ഉമ്മുഹനിമത്തു ബീവിയെ 1929 ജൂൺ 23-ന്, ഹിജ്റ 1348 മുഹറം 15-ന് വിവാഹം ചെയ്തു. ഈ വിവാഹത്തിലെ ഏക പുത്രനാണ് അബ്ദുള്ളക്കോയ തങ്ങൾ. വലിയ ഖാസി സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ ഭാര്യയുടെ അമ്മാവനായിരുന്നു ഇദ്ദേഹം.
1946 ജൂലൈ 12-ന്, ഹിജ്റ 1365 ശഅ്ബാൻ 12-ന്, 47-ാം വയസ്സിൽ സയ്യിദ് അലി ബിൻ ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങൾ വഫാത്തായി. ഇടിയങ്ങരയിലെ ഖാസി ഭവനമായ ഈസ്സാപ്പിളകത്ത്, പിതാവിന്റെ സമീപത്താണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.
Education & Studies
- ✓Received his early religious education at home under the guidance of his father, Sayyid Husain Mullakkoya Thangal, and later continued his studies at the Juma Masjid.
- ✓Acquired proficiency in Arabic, English and Urdu Through self-study.
Genealogy & Lineage
Archived Files & Documents
Malayalam Gazette Notification Appointing Eessappalakath Sayyid Ali bin Husain Imbichikoya Thangal as Qazi
A Malayalam-language gazette notification announcing the appointment of Eessappalakath Sayyid Ali bin Husain Imbichikoya Thangal as Qazi.
Obituary News Report on Eessappalakath Sayyid Ali bin Husain Imbichikoya Thangal
An obituary news report documenting the passing of Eessappalakath Sayyid Ali bin Husain Imbichikoya Thangal.
Nikah and Subsequent Talaq Decision Notice Issued by Eessappalakath Sayyid Ali bin Husain Imbichikoya Thangal
A decision notice issued by Eessappalakath Sayyid Ali bin Husain Imbichikoya Thangal concerning a nikah (marriage) and a subsequent talaq (divorce) matter.
Academic References & Sources
- കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം by പി. പി. മമ്മത് കോയ പരപ്പിൽ , published by Focus PublicationsLink
Profile Overview

