Madathingal Puthanveettil Attakoya Thangal
Political LeaderBiography
മലബാറിലെ നിരവധി സയ്യിദ് കുടുംബങ്ങളുമായി ബന്ധമുള്ള പ്രമുഖ വ്യക്തിയും താനൂരിലെ പ്രമാണിയും സമുദായസ്നേഹിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായിരുന്നു താനൂർ മാടത്തിങ്ങൽ പുത്തൻവീട്ടിൽ ആറ്റക്കോയ തങ്ങൾ.
മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം 1952 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവ പങ്കാളിത്വം വഹിച്ചു. അബ്ദുസ്സത്താർ സേട്ട്, സീതിസാഹിബ്, ഖാഇദെ മില്ലത്ത്, പോക്കർ സാഹിബ് തുടങ്ങിയ പ്രമുഖ നേതാക്കൾ താനൂരിലെത്തിയപ്പോൾ അവർക്ക് വേണ്ട താമസസൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും ഒരുക്കിയിരുന്നത് ആറ്റക്കോയ തങ്ങളായിരുന്നു.
പൊതു സേവന രംഗത്ത് സജീവമായിരുന്ന അദ്ദേഹം താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് നടത്തിപ്പുകാരായ അസാസുൽ ഇസ്‌ലാം സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായും താനൂർ നഗരം പഞ്ചായത്ത് ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചു.
മലബാറിലെ പ്രമുഖ സയ്യിദ് കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എം. വി. ആറ്റക്കോയ തങ്ങളുടെ കുടുംബത്തിന് ബാഫഖി കുടുംബവുമായും പാണക്കാട് പൂക്കോയ തങ്ങളുടെ കുടുംബവുമായും വിവാഹബന്ധങ്ങളുണ്ടായിരുന്നു. ബാഫഖി തങ്ങളുടെ രണ്ട് പുത്രന്മാർ ആറ്റക്കോയ തങ്ങളുടെ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുകയും, ആറ്റക്കോയ തങ്ങളുടെ ഒരു പുത്രൻ പൂക്കോയ തങ്ങളുടെ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തലശ്ശേരിയിലെ കേയി കുടുംബവുമായും അദ്ദേഹത്തിന് കുടുംബബന്ധമുണ്ടായിരുന്നു. പൊന്നാനിയിലെ യു. സി. ഇമ്പിച്ചിക്കോയ തങ്ങളും സയ്യിദ് അബ്ദുല്ല ബാഫഖിയും അദ്ദേഹത്തിന്റെ ജാമാതാക്കളായിരുന്നു.
പഴയകാലത്ത് വലിയൊരു ജന്മിയായിരുന്ന ആറ്റക്കോയ തങ്ങൾക്ക് ജന്മി നിയമം നടപ്പിലായതോടെ ജന്മിത്വവും അതുമായി ബന്ധപ്പെട്ട ഭൂസ്വത്തുക്കളും നഷ്ടമായി. സംസാരത്തിലും പ്രവൃത്തിയിലും പ്രകടമായിരുന്ന കുലീനതയും ഖുറൈശിത്വവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു. അതിഥിസൽക്കാരത്തിന് ഏറെ പേരുകേട്ടവരും ഫലിതപ്രിയനുമായിരുന്നു.അദ്ദേഹം.
1972 മെയ് 12-ന് ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് എം. വി. ആറ്റക്കോയ തങ്ങൾ നിര്യാതനായി.
Genealogy & Lineage
Archived Files & Documents
Profile Overview

