Sayyid Muhammad Mashhoor Pookoya Thangal
Community Leader & Social MediatorBiography
മതപ്രഭാഷകനും പള്ളി-മദ്റസ നിർമാണങ്ങൾക്ക് നേതൃത്വം നൽകിയ നേതാവുമായിരുന്നു സയ്യിദ് മശ്ഹൂർ എസ്.എം. പൂക്കോയ തങ്ങൾ. സാമൂഹിക പ്രശ്നപരിഹാരങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന അദ്ദേഹം, ഉത്തരമലബാറിലെ മതവിജ്ഞാന രംഗത്ത് വലിയ സ്വാധീനം ചെലുത്തി.
ഇരിക്കൂറിലെ കുന്നുമ്മൽ മുത്തുക്കോയ തങ്ങളുടെയും തലേത്ത് ആയിഷ ഉമ്മയുടെയും മകനായി 1920-ൽ ജനിച്ചു. സയ്യിദ് അബ്ദുൽഖദീം ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി സെൽമാ ബീവി എന്ന നഫീസ ബീവിയെയായിരുന്നു വിവാഹം ചെയ്തത്. 1932-ൽ ഭാര്യയോടൊപ്പം പാനൂരിന് രണ്ട് കിലോമീറ്റർ വടക്കുള്ള തങ്ങൾപീടിക എന്ന പ്രദേശത്ത് സ്ഥിരതാമസമാക്കി. അന്ന് വിജനമായിരുന്ന ഈ പ്രദേശം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ പ്രധാന മതവിജ്ഞാന കേന്ദ്രമായി വളർന്നു.
ഗൾഫ് പണത്തിന്റെ സ്വാധീനം നിലവിലില്ലാത്ത സാഹചര്യത്തിൽ, സമുദായം സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കാലത്ത്, തന്റെ മതപ്രഭാഷണങ്ങളിലെ വാഗ്മിത്വവും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും ഉപയോഗപ്പെടുത്തിക്കൊണ്ട് നിരവധി സ്ഥാപനങ്ങളുടെ നിർമാണങ്ങൾക്ക് നേതൃത്വം നൽകി. ദീനീ സ്ഥാപനങ്ങളുടെ നിർമാണവും വികസനവും ജീവിതത്തിലെ പ്രധാന പ്രവർത്തനമേഖലയാക്കി.
ജീവിതകാലത്ത് ഏതാണ്ട് 150 പള്ളികളുടെ നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകി. മൂര്യാട്, കൂത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, കണ്ണവം, മെരുവമ്പായി, വെളുമ്പത്ത്, അഞ്ചരക്കണ്ടി, തട്ടാരി തുടങ്ങിയ പ്രദേശങ്ങളിലെ പള്ളികൾ അവയിൽപ്പെടുന്നു. പാനൂർ ജുമുഅത്ത് പള്ളി, കൈവേലിക്കൽ ജുമുഅത്ത് പള്ളി, പോമ്പാൽ കുഞ്ഞിപ്പള്ളി എന്നിവ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ പള്ളികളാണ്. വഫാത്താകുമ്പോൾ ചെണ്ടയാട് കല്ലറക്കൽ ജുമാമസ്ജിദിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ അധ്യക്ഷപദവിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
പള്ളികളോടനുബന്ധിച്ചുള്ള മദ്റസകളുടെ നിർമാണത്തിനും നടത്തിപ്പിനും നേതൃത്വം നൽകി. ചാനൂർ, തിരുവാൽ, കൂത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, കണ്ണവം, നീർവേലി തുടങ്ങിയ പ്രദേശങ്ങളിലെ മദ്റസകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന മതവിജ്ഞാന കേന്ദ്രങ്ങളാണ്. സ്ഥിരമായ വരുമാനമില്ലാതെ പ്രവർത്തിച്ചിരുന്ന പള്ളി-മദ്റസകൾക്കായി വീടുകളിൽനിന്ന് തെങ്ങുകൾ സംഭാവനയായി ലഭ്യമാക്കുകയും ദൈനംദിന ഭക്ഷണത്തിനുള്ള അരിയിൽനിന്ന് ഒരു ഭാഗം മാറ്റിവെച്ച് സ്ഥാപനങ്ങൾക്ക് നൽകുന്ന പിടിയരി സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് ഈ രീതികൾ സഹായകമായി.
മലബാറിലെ പ്രമുഖ മതവിദ്യാഭ്യാസ കേന്ദ്രമായ മൊകേരി ജാമിഅഃ സഹ്‌റയുടെ രൂപീകരണത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം വഫാത്ത് വരെ അതിന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മതപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്നങ്ങൾ നിഷ്പക്ഷമായി പരിഹരിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. പള്ളി-മദ്റസാ കമ്മിറ്റി തർക്കങ്ങൾ, കുടുംബകലഹങ്ങൾ, മഹല്ലുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ മധ്യസ്ഥത തേടിയിരുന്നു. ചെണ്ടയാട് കല്ലറക്കൽ മഹല്ലും സമീപ മഹല്ലുകളും തമ്മിൽ ഖബർസ്ഥാൻ, സ്വത്തുക്കൾ, മയ്യിത്ത് മറവുചെയ്യാനുള്ള അവകാശം, മുതവല്ലിയുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ പരിഹരിച്ചതും ഇതിന് ഉദാഹരണമാണ്.
1990 മാർച്ച് 30-ന്, ഹിജ്റ 1410 റമളാൻ 3-ന് വെള്ളിയാഴ്ച സയ്യിദ് മശ്ഹൂർ എസ്.എം. പൂക്കോയ തങ്ങൾ വഫാത്തായി.
Genealogy & Lineage
Archived Files & Documents
Al Madrasathul Zahra
Historical DocumentProfile Overview

