Home>People Directory>Sayyid Ismail Shihabuddin Pookkoya Thangal

Sayyid Ismail Shihabuddin Pookkoya Thangal

Quran Exegete & Education Reformer

Biography

ഇസ്‌ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ, ഖുർആൻ വ്യാഖ്യാതാവ്, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് സയ്യിദ് ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ. മുസ്‌ലിം സമൂഹത്തിന് മതവിദ്യാഭ്യാസത്തോടൊപ്പം ബൗദ്ധിക വിദ്യാഭ്യാസവും അനിവാര്യമാണെന്ന് ശക്തമായി വാദിച്ചിരുന്ന അദ്ദേഹം, കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാന-വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി.

1936-ൽ മഞ്ചേശ്വരത്ത് ഹുസൈൻ കോയമ്മ തങ്ങളുടെയും  കുഞ്ഞി ബീവിയുടെയും മകനായി ജനിച്ചു. കണ്ണൂരിലേക്ക് താമസം മാറിയതിനെ തുടർന്ന് അവിടെയായിരുന്നു ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും. രണ്ടാം ക്ലാസ്  സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം കാസർകോട് ഖാദി അബ്ദുറഹ്മാൻ മുസ്ലിയാർ, ഉള്ളാൾ കുഞ്ഞിക്കോയ തങ്ങൾ, ഇ.കെ. അബൂബക്കർ മുസ്ലിയാർ, ശൈഖ് ഹസൻ ഹദ്റത്ത് എന്നിവരുടെ കീഴിൽ ദർസ് പഠനം നടത്തി. 1952-ൽ ഉള്ളാൾ ദർസിൽ നിന്ന് പിരിഞ്ഞ അദ്ദേഹം പിന്നീട് 1956 വരെ ബാഖിയാത്തിലെ മുദരിസായിരുന്ന കുട്ടി മുസ്ലിയാരുടെ ദർസിൽ പഠനം തുടർന്നു. ഈ കാലയളവിൽ വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളിൽ പ്രാവീണ്യം നേടുകയും ശൈഖ് ഹസൻ ഹദ്റത്തിനെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും ചെയ്തു.

പഠനാനന്തരം അധ്യാപനരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, ചാവക്കാടിനടുത്ത വെമ്പനാട്ടിൽ ദർസ് നടത്തി. തുടർന്ന് 1956-ൽ പയ്യോളിയിലും ഒളവട്ടൂരിലും അധ്യാപനം നിർവഹിച്ചു. 1957-ൽ കുറവൻതുരുത്തി ദർസിലും സേവനമനുഷ്ഠിച്ചു.

അതേ വർഷം ഉപരിപഠനത്തിനായി ഉത്തരപ്രദേശിലെ ദാറുൽ ഉലൂം ദിയൂബന്ദിൽ ചേർന്നു. 1957 മുതൽ 1959 വരെ അവിടെ പഠനം നടത്തി. ശൈഖുൽ ഇസ്‌ലാം ഹുസൈൻ അഹ്മദ് മദനി, മൗലാനാ ഫഖ്റുദ്ദീൻ അഹ്മദ്, മൗലാനാ മുഹമ്മദ് തയ്യിബ് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

1959 ഏപ്രിൽ മുതൽ 1962 ജനുവരി വരെ പാറക്കടവിൽ ദർസ് നടത്തി. തുടർന്ന് 1962 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1963 മാർച്ച് മുതൽ ഡിസംബർ വരെ വീണ്ടും പാറക്കടവിൽ ദർസ് നടത്തി. ഈ കാലയളവിലാണ് അഡ്വക്കറ്റ് ഇബ്രാഹിമിന്റെ കീഴിൽ ഇംഗ്ലീഷ് ഭാഷാ പഠനം തുടരുകയും ചെയ്തത്. 1964-ൽ കുറച്ചുകാലം ചെറുകുന്ന് ദർസിലും അധ്യാപനം നടത്തി.

1964 സെപ്റ്റംബറിൽ ഓമച്ചപ്പുഴയിൽ ദർസ് ആരംഭിച്ച അദ്ദേഹം ഏകദേശം മൂന്ന് വർഷക്കാലം അവിടെ സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ഉള്ളാളിലെ സയ്യിദ് മദനി തങ്ങളെക്കുറിച്ചുള്ള മൗലൂദ് രചിക്കുന്നതും, ചേകനൂർ മൗലവിക്കെതിരെ ഖണ്ഡനപ്രഭാഷണങ്ങൾ നടത്തുന്നതും.

1968-ൽ ഉമ്മത്തൂരിൽ ദർസ് ആരംഭിച്ച അദ്ദേഹം 1971 വരെ അവിടെ സേവനമനുഷ്ഠിച്ചു. അവിടെ സഖാഫത്തുൽ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിക്കുന്നതിൽ നേതൃത്വം നൽകുകയും അതിന്റെ പ്രിൻസിപ്പലായി പ്രവർത്തിക്കുകയും ചെയ്തു. കേരളത്തിൽ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

ഉമ്മത്തൂരിൽ നിന്നു പിരിഞ്ഞശേഷം, 1974-ൽ മൊകേരി തങ്ങൾപീടികയിലെ മുഹയിദ്ദീൻ മസ്ജിദ് കാമ്പസിൽ അൽ മദ്റസത്തുസ്സഹ്റ ഇസ്‌ലാമിക് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിച്ചു. പിന്നീട് ഈ സ്ഥാപനം ജാമിഅതുസ്സഹ്റയായി വികസിച്ചു. 1975-ൽ സ്ഥാപനത്തോടനുബന്ധിച്ച് കോളേജ് ആരംഭിക്കുകയും 1979-ൽ അത് മൂന്നുനില കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അഫ്സലുൽ ഉലമ, എസ്.എസ്.എൽ.സി., പ്രീഡിഗ്രി, ബി.എ., എം.എ. തുടങ്ങിയ കോഴ്‌സുകൾ പിന്നീട് ഇവിടെ ആരംഭിച്ചു.

അദ്ദേഹത്തിന്റെ അലാ ഹാമിശിത്തഫാസീർ, അറബി ഭാഷയിൽ ഒരു മലയാളി പണ്ഡിതൻ രചിക്കുന്ന ആദ്യ ഖുർആൻ വ്യാഖ്യാനഗ്രന്ഥമാണ്. ഇസ്‌ലാമിനെതിരെയുള്ള വിവിധ ആരോപണങ്ങൾക്ക് മറുപടി നൽകുന്ന ഈ ഗ്രന്ഥം ഈജിപ്ത്, സുഡാൻ, യു.എ.ഇ., ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിൽ റഫറൻസ് ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സ്ത്രീവിദ്യാഭ്യാസത്തോട് കാലോചിതമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. പാരമ്പര്യ യൂനാനി ചികിത്സയിലും നബിവൈദ്യത്തിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.

2010 മേയ് 10-ന് 73-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി.

 

Education & Studies

  • Primary Education – Kannur
  • Dars – Qazi Abdurrahman Musliyar, Kasaragod
  • Dars – Ullal Kunjikkoya Thangal
  • Dars – E.K. Aboobacker Musliyar
  • Dars – Shaykh Hasan Hadrat
  • Advanced Dars – Kutti Musliyar (Baqiyath Mudarris)
  • Darul Uloom Deoband, Uttar Pradesh (1957–1959)

Genealogy & Lineage

Mother:Kunji Beevi
Father:Sayyid Hussain Koyamma Thangal
Spouse:Shareefa Beevi

Academic References & Sources

  1. ഇസ്‌ലാമിക വിജ്ഞാനകോശം , published by ഇസ്‍ലാമിക് പബ്ലിഷിംഗ് ഹൗസ് (2022)Link
  2. പാനൂർ തങ്ങൾ ജീവിതവും ദർശനവും by ഡോ. കെ.കെ.എൻ. കുറുപ്പ് , published by Nibrasul Ulama Students' Federation (2012)Link

Profile Overview

No Image Available
English NameSayyid Ismail Shihabuddin Pookkoya Thangal
Malayalam Nameസയ്യിദ് ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ
Arabic Nameالسيد إسماعيل شهاب الدين بوقويا البخاري
Pet Nameപാനൂർ തങ്ങൾ
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Current PlacePanur, Kannur
Birth Details1936
Death Details10 May 2010
Keywords
Sayyid Ismail Shihabuddin Pookkoya ThangalPanur ThangalPookkoya ThangalBukhariQuran ExegeteTafsirAla Hamishit TafasirDarul Uloom DeobandJamiathuz ZahraIslamic ScholarEducation ReformerArabic AuthorPanurKannur

iana

غلى هامش التفاسير

By السيد إسماعيل شهاب الدين بوقويا البخاري

أدب المسلم في منهج الإسلام

By السيد إسماعيل شهاب الدين بوقويا البخاري

صفات الكلام في عقيدة الإسلام

By السيد إسماعيل شهاب الدين بوقويا البخاري

النبراس في مسلك الفقه الشافعي

By السيد إسماعيل شهاب الدين بوقويا البخاري

المنطق في شرح التهذيب

By السيد إسماعيل شهاب الدين بوقويا البخاري

المدارج في تقرير الغاية والتقريب

By السيد إسماعيل شهاب الدين بوقويا البخاري

الكلام في شرح العقائد النسفية

By السيد إسماعيل شهاب الدين بوقويا البخاري

نقاط من تاريخ الإسلام

By السيد إسماعيل شهاب الدين بوقويا البخاري

المرقاة في عقيدة المسلم

By السيد إسماعيل شهاب الدين بوقويا البخاري

مرثية الإمام حسين أحمد المدني

By السيد إسماعيل شهاب الدين بوقويا البخاري

مولد سيد مدني

By السيد إسماعيل شهاب الدين بوقويا البخاري