Sayyid Shaikh Jifri
Author & Sufi Spiritual LeaderBiography
ജിഫ്രി ഖബീലയിൽനിന്ന് കേരളത്തിലെത്തിയ പ്രഥമ പണ്ഡിതനും ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു സയ്യിദ് ശൈഖ് ജിഫ്രി. പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിന്റെ മത-ആത്മീയ-വൈജ്ഞാനിക ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ അദ്ദേഹം മമ്പുറം സയ്യിദ് അലവി തങ്ങളുടെ അമ്മാവനും പ്രധാന ഗുരുക്കന്മാരിലൊരാളുമായിരുന്നു. ഹള്റമൗത്തിൽനിന്ന് മമ്പുറം തങ്ങളെ മലബാറിലെത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്രിയുടെ മകനായി ഹിജ്റ 1139-ൽ, എ.ഡി. 1726-ൽ ഹള്റമൗത്തിലെ തരീമിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് വഫാത്തായതിനെ തുടർന്ന് ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, അറബി ഭാഷാ സാഹിത്യം തുടങ്ങിയ വിജ്ഞാനശാഖകളിൽ ചെറുപ്പത്തിൽ തന്നെ അവഗാഹം നേടിയ അദ്ദേഹം ആത്മീയ രംഗത്തും പ്രമുഖ ഗുരുക്കന്മാരുടെ ശിക്ഷണം നേടി. ഒമ്പതാം വയസ്സുമുതൽ വിവിധ നാടുകളിൽ സഞ്ചരിക്കാൻ അവസരം ലഭിച്ച അദ്ദേഹം ഇരുപത് വയസ്സാകുന്നതിന് മുമ്പുതന്നെ വിവിധ വിജ്ഞാനശാഖകളിൽ പ്രാവീണ്യം നേടി.
മലബാറിലെ ഇസ്‌ലാമിക പ്രബോധന സാധ്യതകളെക്കുറിച്ച് അറിഞ്ഞ ശൈഖ് ജിഫ്രി, ഇരുപതാം വയസ്സിൽ ഒരു കച്ചവട സംഘത്തോടൊപ്പം മലബാറിലേക്ക് യാത്രതിരിച്ചു. ഹിജ്റ 1159-ൽ, എ.ഡി. 1746-ൽ കൊയിലാണ്ടിയിൽ കപ്പലിറങ്ങിയ അദ്ദേഹം അവിടെനിന്ന് കോഴിക്കോട്ടേക്ക് എത്തി. അന്നത്തെ കോഴിക്കോട് ഖാളി മുഹ്‌യിദ്ദീൻ ബിൻ അബ്ദിസ്സലാമും മുസ്‌ലിം പ്രമുഖരും അദ്ദേഹത്തെ സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലെത്തിച്ചു. ശൈഖ് ജിഫ്രിയെ ആദരപൂർവം സ്വീകരിച്ച സാമൂതിരി കോഴിക്കോട് സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടുകയും കുറ്റിച്ചിറയുടെ തെക്കുഭാഗത്തെ മാളിയേക്കൽ വീടും അതിനോടു ചേർന്ന സ്ഥലവും അദ്ദേഹത്തിന് നൽകുകയും ചെയ്തു. പിന്നീട് ഈ ഭവനം കോഴിക്കോട് ജിഫ്രി ഹൗസ് എന്ന പേരിൽ അറിയപ്പെട്ടു. നിത്യാവശ്യങ്ങൾക്കായി കല്ലായിക്കടുത്ത ആനമാട് പ്രദേശത്തെ തെങ്ങിൻതോപ്പും നൽകുകയും നികുതികളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.
മലബാറിലെത്തിയ ശേഷം കൊയിലാണ്ടിയിലെ സയ്യിദ് മുഹമ്മദ് ബിൻ ഹാമിദ് എന്ന വലിയ സീതിക്കോയ തങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുവരും വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് മത-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ശൈഖ് ജിഫ്രി മലബാറിലെ പ്രമുഖ ആത്മീയാചാര്യനായി അറിയപ്പെട്ടു. മതഭേദമന്യേ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ അദ്ദേഹത്തെ ആദരിക്കുകയും ആത്മീയോപദേശങ്ങൾ തേടി കോഴിക്കോട് എത്തുകയും ചെയ്തു.
വിജ്ഞാനാന്വേഷണത്തിനായി മക്ക, മദീന, ബൈത്തുൽ മുഖദ്ദസ് തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. ഒരു ഹജ്ജ് യാത്രയ്ക്കുശേഷം ഹള്റമൗത്തിലെത്തിയ അദ്ദേഹം അവിടത്തെ ആത്മീയ നേതാവായിരുന്ന ഹബീബുൽ ഹസനുമായി ബന്ധം സ്ഥാപിക്കുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ജന്മദേശമായ തരീമിൽ കുറച്ചുകാലം താമസിച്ചശേഷം വീണ്ടും മലബാറിലേക്ക് മടങ്ങി.
കോഴിക്കോട് ഖാളി മുഹ്‌യിദ്ദീൻ ബിൻ അബ്ദിസ്സലാം, ശൈഖ് അലി ബറാമി, ശരീഫ് ഉമർ ബിൻ അബ്ദില്ല, അബ്ദുൽ ഖാദിർ ബിൻ ഉമർ ലബ്ബ, മമ്പുറം സയ്യിദ് അലവി തങ്ങൾ, ഉമർ ഖാളിയുടെ പിതാവ് ഖാളിയാരകത്ത് ആലി മുസ്‌ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായിരുന്നു. മൈസൂർ ഭരണാധികാരികളായ ഹൈദരലി ഖാനും ടിപ്പു സുൽത്താനും ശൈഖ് ജിഫ്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
1787-ൽ ടിപ്പു സുൽത്താനും ശൈഖ് ജിഫ്രിയും തമ്മിൽ നടന്ന ആദ്യ കൂടിക്കാഴ്ചക്കൊടുവിൽ, സമ്മാനം നൽകാൻ ടിപ്പു സുൽത്താൻ ആഗ്രഹിച്ചപ്പോൾ, കോഴിക്കോട്ടുകാർക്ക് ശുദ്ധജലം ലഭിക്കുന്നതിനായി ഒരു കുളം നിർമിക്കണമെന്നാണ് ശൈഖ് ജിഫ്രി ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാനാഞ്ചിറ കുളം നിർമിക്കപ്പെട്ടത്.
കൊണ്ടോട്ടിയിലെ മുഹമ്മദ് ശാഹ് തങ്ങളുടെ അനുയായികളിൽ വിശ്വാസപരമായ വ്യതിയാനങ്ങളുണ്ടെന്ന് വിലയിരുത്തിയ ശൈഖ് ജിഫ്രി അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. പിന്നീട് കേരളത്തിൽ ദീർഘകാലം ചർച്ച ചെയ്യപ്പെട്ട പൊന്നാനി-കൊണ്ടോട്ടി കൈതർക്കത്തിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായി ഇത് മാറി. ഈ വിഷയവുമായി ബന്ധപ്പെട്ട് ‘കൻസുൽ ബറാഹീൻ’ എന്ന കൃതി അദ്ദേഹം രചിച്ചു.
മത-സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം രചനാരംഗത്തും സജീവമായിരുന്ന ശൈഖ് ജിഫ്രി ഇസ്‌ലാമിക വിശ്വാസ-ചിന്താ വിഷയങ്ങളിൽ നിരവധി കൃതികൾ രചിച്ചു. കൻസുൽ ബറാഹീൻ, നതീജതു അശ്കാലി ഖളായാ മസ്‌ലകി ജൗഹരിൽ ജൗഹരിയ്യ, അൽകൗകബുദ്ദുരിയ്യ, അൽഹഫവാതു സ്വദിറാത്, അൽഇർശാദാതുൽ ജിഫ്രിയ്യ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
ഏകദേശം ആറു പതിറ്റാണ്ടോളം മലബാറിന്റെ മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച സയ്യിദ് ശൈഖ് ജിഫ്രി ഹിജ്റ 1222 ദുൽഖഅ്ദ 8-ന്, എ.ഡി. 1808 ജനുവരി 8-ന് വഫാത്തായി. മമ്പുറം സയ്യിദ് അലവി തങ്ങൾ, വെളിയങ്കോട് ഉമർ ഖാളി, കോഴിക്കോട് ഖാളി മുഹ്‌യിദ്ദീൻ ബിൻ അബ്ദിസ്സലാം തുടങ്ങിയവർ അനന്തരകർമങ്ങളിൽ പങ്കെടുത്തു. കോഴിക്കോട് കുറ്റിച്ചിറയിൽ അദ്ദേഹം മുൻകൂട്ടി നിർദേശിച്ച സ്ഥലത്താണ് അന്ത്യവിശ്രമം.
Education & Studies
- ✓Studied the Qur'an, Hadith, Fiqh, Tasawwuf and Arabic Language & Literature
- ✓Received spiritual training under eminent Sufi scholars
- ✓Studied under Sayyid Muhammad bin Hamid (Valiya Seethikoya Thangal), Koyilandy
- ✓Received spiritual guidance from Habibul Hasan in Hadramawt
Genealogy & Lineage
Academic References & Sources
- മമ്പുറം സയ്യിദ് അലവി തങ്ങൾ by Dr. Moyin Malayamma, published by Book Plus, Chemmad (2023)Link
Links
Al-Raq Al-Manshur Author Profile of Sayyid Shaikh Jifri
An Arabic biographical and bibliographical record of Sayyid Shaikh Jifri, documenting his dates, Hadramawt origin, settlement in Calicut, scholarly and Sufi background, and works including Al-Kawkab Al-Durri and Kanz Al-Barahin.
Profile Overview
iana
كنز البراهين الكسبية والأسرار الوهبية الغيبية
By السيد شيخ بن محمد بن شيخ بن حسن الجفري العلوي الحسيني
نتيجة أشكال قضايا مسلك الجوهر الجواهرية وبرهان سلطان مشايخ الطريقة العيدروسية القادرية
By السيد شيخ بن محمد بن شيخ بن حسن الجفري العلوي الحسيني
الكوكب الجليل الرفيع الزاهر المنير الدري في نسبة السادات الأشراف بني علوي لا سيما منهم آل الجفري
By السيد شيخ بن محمد بن شيخ بن حسن الجفري العلوي الحسيني
الهفوات الصادرات من الخيالات الواردات
By السيد شيخ بن محمد بن شيخ بن حسن الجفري العلوي الحسيني
الإرشادات الجفرية
By السيد شيخ بن محمد بن شيخ بن حسن الجفري العلوي الحسيني
شرح قصيدة أنا أدري لست أدري
By السيد شيخ بن محمد بن شيخ بن حسن الجفري العلوي الحسيني
