Sayyid Abu Bakr Seethikoya Thangal
Freedom Fighter, Khilafat Leader & Malabar Rebellion LeaderBiography
സ്വാതന്ത്ര്യ സമര സേനാനിയും ഖിലാഫത്ത് പ്രവർത്തകനും 1921-ലെ മലബാർ സമരനേതാവുമായിരുന്നു സയ്യിദ് അബൂബക്കർ എന്ന സീതിക്കോയ തങ്ങൾ. സമരകാലത്ത് മണ്ണാർക്കാട്, കുമരംപുത്തൂർ മേഖലകളിലെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിൽ വള്ളുവനാട് അംശത്തിന്റെ ഗവർണർ കൂടിയായിരുന്നു.
അങ്ങാടിപ്പുറത്തെ തോട്ടുംമുഖത്ത്, ആറ്റക്കോയ തങ്ങളുടെയും ഫാത്തിമയുടെയും മകനായി പുതിയ മാളിയേക്കൽ തറവാട്ടിൽ സീതിക്കോയ തങ്ങൾ ജനിച്ചു. പിന്നീട് മണ്ണാർക്കാട്ടേക്ക് താമസം മാറ്റി. ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങളും മണ്ണാർക്കാട് കവളപ്പാറ ചിന്നനുണ്ണി ഇളയനായരും ചേർന്നാണ് അദ്ദേഹത്തെ ബ്രിട്ടീഷ് വിരുദ്ധ സമരരംഗത്തേക്ക് കൊണ്ടുവരുന്നത്. മണ്ണാർക്കാട് മേഖലയിലെ സമരപ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ചെമ്പ്രശ്ശേരി തങ്ങൾ പിന്നീട് സീതിക്കോയ തങ്ങളെ ഏൽപ്പിക്കുകയായിരുന്നു.
1921 ആഗസ്റ്റിൽ പാണ്ടിക്കാട്, നെല്ലിക്കുത്ത് എന്നിവിടങ്ങളിൽ നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഏറനാട്ടിലെ യോഗങ്ങളിൽ ചെമ്പ്രശ്ശേരി തങ്ങളോടൊപ്പം സീതിക്കോയ തങ്ങളും പങ്കെടുത്തു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായും പെരിന്തൽമണ്ണ മേഖലയിലെ മറ്റു സമരനേതാക്കളുമായുമുണ്ടായിരുന്ന ബന്ധം അദ്ദേഹത്തെ ഖിലാഫത്ത് പ്രസ്ഥാനത്തിൽ കൂടുതൽ സജീവമാക്കി.
അദ്ദേഹത്തിന്റെ സമരസേനയിൽ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട പോരാളികൾ ഒരുമിച്ച് അണിനിരന്നിരുന്നു. അങ്ങാടിപ്പുറം, പെരിന്തൽമണ്ണ പ്രദേശങ്ങളിൽ പറമ്പോട്ട് അച്യുത മേനോൻ, അപ്പുണ്ണി നായർ, പൂന്താനം രാമൻ നമ്പൂതിരി, അരിപ്ര കോവിലകത്ത് ഉണ്ണിക്കുഞ്ചൻ രാജ തുടങ്ങിയവർ നേതൃത്വരംഗത്തുണ്ടായിരുന്നു. മണ്ണാർക്കാട് മേഖലയിൽ ഇളയനായരും, ചെർപ്പുളശ്ശേരി-മണ്ണാർക്കാട് ഭാഗങ്ങളിൽ എടച്ചോല കുട്ടപ്പണിക്കർ, ചേനുപള്ളി അച്ചുപ്പണിക്കർ, കുർശിക്കളത്തിൽ കേശവൻ നായർ, വാഴപ്പിള്ളി കേലു മേനോൻ തുടങ്ങിയവരും സമരപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.
സമരത്തിൽ തീവ്ര നിലപാട് സ്വീകരിച്ചിരുന്നെങ്കിലും സ്വന്തം അനുയായികൾ കൊല, കൊള്ള തുടങ്ങിയ അക്രമങ്ങളിൽ ഏർപ്പെടുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ശിക്ഷിക്കുകയും അനുയായികൾക്കിടയിൽ ധാർമ്മിക അച്ചടക്കം പാലിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ അന്യായം ചെയ്ത മൂന്ന് മാപ്പിള അനുയായികളെ നിരയായി നിർത്തി ഉണ്ടയില്ലാത്ത തോക്കുകൊണ്ട് വെടിവെച്ച സംഭവം അദ്ദേഹത്തിന്റെ അച്ചടക്കനിലപാടിന്റെ ഉദാഹരണമായി വിവരിക്കപ്പെടുന്നു.
1921 ആഗസ്റ്റ് 22-ഓടെ അദ്ദേഹത്തിന് കീഴിലുള്ള സമരപോരാളികൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ നീക്കം തടയുന്നതിനായി വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുകയും ടെലിഗ്രാഫ് കമ്പികൾ തകർക്കുകയും പാലങ്ങൾ പൊളിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് തുപ്പനാട് പാലം തകർത്തത്. തുടർന്ന്, ആഗസ്റ്റ് 24-ന് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു.
ഒരു ഘട്ടത്തിൽ സീതിക്കോയ തങ്ങളും അഞ്ഞൂറിലധികം മാപ്പിള സമരക്കാരും തുപ്പനാട് പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ താവളമടിച്ചിരുന്നതായി ജനറൽ ഓഫീസർ കമാൻഡിംഗ് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
1921-ലെ മലബാർ സമരകാലത്ത് വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെ പ്രധാന ഏറ്റുമുട്ടലുകളിലൊന്നായ മണ്ണാർക്കാട് യുദ്ധത്തിൽ ചെമ്പ്രശ്ശേരി തങ്ങളുടെ ഉപനേതാവായി സീതിക്കോയ തങ്ങൾ പ്രവർത്തിച്ചു. തുറന്ന യുദ്ധങ്ങളിൽ നിന്ന് മാറി സമരത്തിന്റെ രണ്ടാംഘട്ടത്തിൽ ഒളിപ്പോർ ശക്തമായപ്പോൾ, ഹിന്ദു-മുസ്‌ലിം പോരാളികളെ ഒരുമിച്ച് അണിനിരത്തി അദ്ദേഹം പോരാട്ടം തുടർന്നു.
കുമരംപുത്തൂരിൽ നടന്ന തുറന്ന ഏറ്റുമുട്ടലിനും സീതിക്കോയ തങ്ങൾ നേതൃത്വം നൽകി. ഈ യുദ്ധത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭ്യമായ വിവരം.
ഒക്ടോബർ ആദ്യവാരത്തിൽ സീതിക്കോയ തങ്ങളും സംഘവും തിരുവാഴാംകുന്നിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റി. ഒക്ടോബർ 4-ന് രണ്ട് അംശം അധികാരികളെയും ഒരു ബ്രിട്ടീഷ് ചാരനെയും വധിച്ചു. ഒക്ടോബറിലെ ആദ്യപകുതിയിൽ നടന്ന മറ്റൊരു പോരാട്ടത്തിൽ അദ്ദേഹത്തിന്റെ അമ്പതോളം അനുയായികൾ കൊല്ലപ്പെട്ടു.
ഒക്ടോബർ 17-ന് സീതിക്കോയ തങ്ങളും സംഘവും വീണ്ടും മണ്ണാർക്കാട് ഭാഗത്തെത്തി പെരിന്തൽമണ്ണ റോഡിലുള്ള രണ്ട് പ്രധാന പാലങ്ങൾ തകർത്തു. തുടർന്ന് കുറച്ചുകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹം വീണ്ടും തിരിച്ചെത്തി ശക്തമായ പ്രത്യാക്രമണങ്ങൾ നടത്തുകയും ഒറ്റുകാരെ ശിക്ഷിക്കുകയും തങ്ങളെ ശല്യം ചെയ്തിരുന്ന വേങ്ങശ്ശേരി അധികാരിയെ വധിക്കുകയും ചെയ്തു.
ഗൂർഖ പട്ടാളവും ചിൻ-കച്ചിൻ പട്ടാളവും മലബാറിലെത്തിയതോടെ സമരത്തിന്റെ സാഹചര്യം മാറി. സമരാനുകൂലികളിൽ നിന്ന് വിപ്ലവസേനയുടെ നീക്കങ്ങളും സങ്കേതങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള ബ്രിട്ടീഷ് ശ്രമങ്ങൾ ഹിന്ദു-മുസ്‌ലിം ബന്ധങ്ങളിലും വിള്ളലുകൾ സൃഷ്ടിച്ചു.
നവംബർ അവസാനത്തോടെ സമരനേതാക്കളുടെയും അനുയായികളുടെയും വലിയൊരു വിഭാഗം കീഴടങ്ങുകയോ പട്ടാളത്തിന്റെ പിടിയിലാവുകയോ ചെയ്തു. ചെമ്പ്രശ്ശേരി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട തിരിച്ചടികൾ സീതിക്കോയ തങ്ങളുടെ സംഘത്തെയും ബാധിച്ചു.
മണ്ണാർക്കാട്ടെ പ്രമുഖനായ കല്ലടി മൊയ്തുട്ടി തുടങ്ങിയവരെ ഉപയോഗിച്ച് അദ്ദേഹത്തെ കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ അധികാരികൾ നടത്തിയെങ്കിലും സീതിക്കോയ തങ്ങൾ അതിന് വഴങ്ങിയില്ല.
1921 ഡിസംബർ 20-ന്, മണ്ണാർക്കാട് മലയിൽ നിന്ന് ഇറങ്ങിവരുന്നതിനിടെ സീതിക്കോയ തങ്ങളെയും കൂടെയുണ്ടായിരുന്ന 63 അനുയായികളെയും ഗൂർഖാ പട്ടാളം വളഞ്ഞതിനെ തുടർന്ന് കീഴടങ്ങി. തുടർന്ന് പട്ടാളക്കോടതി വിചാരണ നടത്തിയ സീതിക്കോയ തങ്ങളെ 1922 ജനുവരി 19-ന് വെടിവെച്ച് കൊന്നു.
Genealogy & Lineage
Academic References & Sources
- കേരളം മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി by ഡോ. സി.കെ. കരീം , published by Charithram Publications (1991)Link
Monuments & Memorials
Kumaramputhur Seethikoya Thangal Memorial Gate
Entrance of Kumaramputhur Grama Panchayat Office, Mannarkkad, Palakkad, Kerala
Profile Overview

