Ottakath Sayyid Muhammad Kunhikoya Thangal Hydrose
Khilafat Leader, Islamic Scholar & Spiritual LeaderBiography
1921-ലെ മലബാർ സമരത്തിലെ നേതാക്കളിലൊരാളും ഖിലാഫത്ത് പ്രവർത്തകനും മതപണ്ഡിതനും ആത്മീയ നേതാവുമായിരുന്നു ചെമ്പ്രശ്ശേരി തങ്ങൾ എന്നറിയപ്പെട്ടിരുന്ന ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദറൂസ്. പിതാവിനോടൊപ്പം ചെമ്പ്രശ്ശേരിയിൽ കുടിയേറി താമസിച്ചതിനാൽ “ചെമ്പ്രശ്ശേരി തങ്ങൾ” എന്ന പേരിൽ അറിയപ്പെട്ടു.
ഹിജ്റ 1291 / ക്രി. 1874-ൽ കിടങ്ങയം അരീച്ചോലയിൽ, അബ്ദുല്ലക്കോയ തങ്ങളുടെയും കുഞ്ഞിഫാത്വിമയുടെയും മകനായി ജനിച്ചു. ഒറ്റകത്ത് മമ്മു മുസ്‌ലിയാർ, ഖാദിർ മുല്ല എന്നിവരിൽ നിന്ന് പ്രാഥമിക പഠനവും മുഹമ്മദ് മുസ്‌ലിയാർ, മഖ്ദൂം കുഞ്ഞാവ മുസ്‌ലിയാർ, നെല്ലിക്കുത്ത് ശൈഖ് അബ്ദുൽ ഖാദർ മുസ്‌ലിയാർ, എന്നിവർക്ക് കീഴിൽ പരമ്പരാഗത മതപഠനവും നടത്തി. തുടർന്ന് തൊടികപ്പുറത്ത് മുദരിസായി സേവനമനുഷ്ഠിച്ചു.
21-ാം വയസ്സിൽ പിതാവിനോടൊപ്പം അരീച്ചോലയിൽ നിന്ന് ചെമ്പ്രശ്ശേരിയിലേക്ക് താമസം മാറ്റി. ചെമ്പ്രശ്ശേരിയിലെത്തിയ ശേഷമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എം. പി. നാരായണ മേനോൻ, കെ. മാധവൻ നായർ, ആലി മുസ്‌ലിയാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ ഖിലാഫത്ത് പ്രസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ഖുർആൻ, മതഗ്രന്ഥങ്ങൾ, എന്നിവയിലെ അറിവ് അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം നേടിക്കൊടുത്തു.
കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ പ്രേരണയിലാണ് അദ്ദേഹം ഖിലാഫത്ത് പ്രവർത്തനങ്ങളിൽ സജീവമായത്. 1921 ജൂലൈയിൽ തുവ്വൂർ പള്ളിയിൽ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, എം. പി. നാരായണ മേനോൻ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ ചെമ്പ്രശ്ശേരി തങ്ങളെ പ്രസിഡന്റാക്കി ഖിലാഫത്ത് കമ്മിറ്റിയും വളണ്ടിയർ സംഘവും രൂപീകരിച്ചു. തുടർന്ന് തങ്ങളുടെ നേതൃത്വത്തിൽ കരുവാരക്കുണ്ട്, ചെമ്പ്രശ്ശേരി, മണ്ണാർക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഖിലാഫത്ത് കമ്മിറ്റികൾ രൂപികരിച്ചു.
1921 ആഗസ്റ്റ് 16-ന് കലക്ടർ ഇ. എഫ്. തോമസ് ചെമ്പ്രശ്ശേരി തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദിരാശി ഗവൺമെന്റിന് കത്തയച്ചിരുന്നു.
ആഗസ്റ്റ് 20-ലെ തിരൂരങ്ങാടി സംഭവങ്ങൾക്ക് പിന്നാലെ ചെമ്പ്രശ്ശേരി തങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ തുറന്ന നിലപാട് സ്വീകരിക്കുകയും തന്റെ സ്വാധീനത്തിലുള്ള പ്രദേശങ്ങളെ ഖിലാഫത്ത് ഭരണപ്രദേശങ്ങളായി വിഭജിച്ച് ഭരണചുമതലകൾ ക്രമീകരിക്കുകയും ചെയ്തു. തുവ്വൂർ അംശത്തിന്റെ ഭരണചുമതല അദ്ദേഹം നേരിട്ട് ഏറ്റെടുക്കുകയും തുവ്വൂർ ജുമുഅത്ത് പള്ളി ഹജൂർ കച്ചേരിയായി പ്രവർത്തിക്കുകയും ചെയ്തു. ആഗസ്റ്റ് 22-ാം തീയതിയോടെ മണ്ണാർക്കാടും അദ്ദേഹത്തിന്റെ കീഴിലായി. ഈ അംശങ്ങളിലെ നിയമപരിപാലനം, കരം പിരിവ്, വരവ് പോക്ക്, എന്നിവ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.
1921 സെപ്റ്റംബർ 12-ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണാർക്കാട്ടെ സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കുകയും കുടിയാൻ രേഖകൾ നശിപ്പിക്കുകയും ചെയ്തു. മേലാറ്റൂർ, തുവ്വൂർ, തുടങ്ങിയ പ്രദേശങ്ങളിൽ ചെമ്പ്രശ്ശേരി തങ്ങൾക്ക് കീഴിൽ മാപ്പിള മുസ്‌ലിംകൾ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടി. പാണ്ടിക്കാട്ട് ഗൂർഖ സേനക്കെതിരായ പോരാട്ടത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കൊപ്പം ചെമ്പ്രശ്ശേരി തങ്ങളും ചേർന്നു.
1921 ഡിസംബർ 1-ന് ഗൂർഖ സൈനിക യൂണിറ്റിന് ചെമ്പ്രശ്ശേരി തങ്ങളിൽ നിന്ന് ഒരു കത്ത് ലഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്കെതിരായ ബ്രിട്ടീഷ് നടപടികൾ അവസാനിപ്പിക്കണമെന്നും, സൈന്യത്തെ പിൻവലിച്ചാൽ പോരാട്ടം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
ഡിസംബർ 14-ന് തങ്ങളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പോലീസ് ക്യാമ്പിൽ മിന്നലാക്രമണം നടത്തുകയും മൂന്ന് പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തു. ധാരാളം വെടിമരുന്നും പോലീസ് തോക്കുകളും അവിടെനിന്ന് പിടിച്ചെടുത്തു.
ഭീതിയിലാണ്ട ഇംഗ്ലീഷ് പട്ടാളം വൻയുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ കരുവാരകുണ്ടിലും മേലാറ്റൂരും ചെമ്പ്രശ്ശേരി തങ്ങളുടെ സൈന്യവുമായി ഏറ്റുമുട്ടി. വിപ്ലവ സേനയിലെ നിരവധിപേർ കൊല്ലപ്പെട്ടു. പിടിച്ചുനിൽക്കാൻ കഴിയാതെ മേലാറ്റൂർ പള്ളിയിൽ അഭയം തേടിയ തങ്ങളും സൈന്യവും ഡിസംബർ 19-ന് ആമു സൂപ്രണ്ടിന് മുമ്പാകെ കീഴടങ്ങി.
1922 ജനുവരിയിൽ പട്ടാള കോടതി അദ്ദേഹത്തെ വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചു. ജനുവരി 9-ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചരിവിൽ അദ്ദേഹത്തെയും മറ്റു ഖിലാഫത്ത് പ്രവർത്തകരെയും വെടിവെച്ച് കൊന്നു
Education & Studies
- ✓Received his primary education under Ottakath Mammu Musliyar and Khadir Mulla
- ✓Pursued traditional Islamic studies under Muhammad Musliyar, Makhdum Kunjawa Musliyar and Nellikkuth Sheikh Abdul Khadir Musliyar. Served as a Mudarris at Thodikappuram.
Genealogy & Lineage
Links
Biographical Article on Chembrassery Thangal – Malabar History Journal
A biographical article on Chembrassery Thangal, focusing on his life and leadership in the 1921 anti-British Malabar struggle.
