Sayyid Ahmad Kunhi Koyamma Thangal
Islamic Scholar & Arabic PoetBiography
പണ്ഡിതനും സൂഫിവര്യനും അറബി കവിയുമായിരുന്നു സയ്യിദ് അഹ്‌മദ് കുഞ്ഞിക്കോയമ്മ തങ്ങൾ. അറബി ഭാഷയിൽ ഗദ്യ-പദ്യകൃതികൾ രചിച്ചിരുന്ന അദ്ദേഹം ആത്മീയ വിജ്ഞാനത്തിലും കവിതാരചനയിലും പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു.
സയ്യിദ് മുഹമ്മദ് ബുഖാരിയുടെ മകനായി ഹിജ്റ 1250-ൽ, എ.ഡി. 1832-ൽ ചാവക്കാടിനടുത്ത കടപ്പുറത്ത് ജനിച്ചു. ജനിച്ചതും വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും കടപ്പുറത്തായിരുന്നു. തുടർന്ന് പൊന്നാനി ദർസിൽ ചേർന്ന് പന്ത്രണ്ടു വർഷത്തോളം പഠനം നടത്തി. സൈനുദ്ദീൻ മഖ്ദൂം, അഹ്മദ് വലിയ ബാവ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതന്മാരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
ഹജ്ജ് നിർവഹണത്തിനായി മക്കയിൽ പോയ അദ്ദേഹം, ഏകദേശം മൂന്ന് വർഷത്തോളം അവിടെ താമസിക്കുകയും, ആ കാലയളവിൽ മക്കയിലെയും മദീനയിലെയും നിരവധി ശൈഖുമാരുമായി ബന്ധം സ്ഥാപിക്കുകയും അവരിൽനിന്ന് ആത്മീയ വിജ്ഞാനവും വിവിധ ത്വരീഖത്തുകളിലെ ഇജാസത്തുകളും സ്വീകരിക്കുകയും ചെയ്തു.
അറബി ഭാഷയിൽ നിരവധി ഗദ്യ-പദ്യകൃതികൾ രചിച്ചിരുന്ന അദ്ദേഹം ഏതു ശീലിലുള്ള പദ്യവും കേട്ടാൽ അതേ ശീലിൽ കവിത രചിക്കാനുള്ള കഴിവ് നേടിയിരുന്നു. നബിയുടെ ചരിത്രം പ്രതിപാദിക്കുന്ന ‘ഖസ്വീദതു ലവാമിഇൽ അൻവാരി ഫീ മദ്ഹിന്നബിയ്യിൽ മുഖ്താർ’ എന്ന മൗലിദ് കാവ്യവും രോഗികളുടെ നിസ്കാരരീതിയും അനുബന്ധവിധികളും വിശദീകരിക്കുന്ന ‘ജാമിഉൽ ഫവാഇദി ലിത്വാലിബിൽ അവാഇദി ഫീ കൈഫിയ്യതി സ്വലാതിൽ മരീദ്’ എന്ന പദ്യകൃതിയും അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. ഹംസിയ്യ, വിതരിയ്യ എന്നീ പ്രസിദ്ധ കാവ്യങ്ങൾക്ക് മുഖമ്മസുകളും രചിച്ചിട്ടുണ്ട്.
പെരുമ്പടപ്പ് പുത്തൻപള്ളിയുടെ നിർമാണത്തിന് പ്രചോദനം നൽകിയ വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. ആ പള്ളിയങ്കണത്തിലെ സ്മാരകമന്ദിരത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാർ അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് മുസ്തഫ മുത്തുക്കോയ തങ്ങളുടെ പ്രമുഖ ശിഷ്യനായിരുന്നു.
സയ്യിദ് ഇബ്രാഹീം തങ്ങളുടെ പുത്രിയായ റുഖയ്യ എന്ന ആറ്റ ബീവിയെയായിരുന്നു ആദ്യമായി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ സയ്യിദ് മുസ്തഫ എന്ന മുത്തുക്കോയ തങ്ങൾ ജനിച്ചു. രണ്ടാം പ്രസവത്തെത്തുടർന്ന് റുഖയ്യ വഫാത്തായി. തുടർന്ന് അവരുടെ സഹോദരിയായ ആയിഷ എന്ന കൊച്ചുബീവിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ സയ്യിദ് മുഹമ്മദ് സൈനുൽ ആബിദീൻ എന്ന കൊച്ചുകോയ തങ്ങൾ, സയ്യിദ് ജഅ്ഫർ എന്ന ചെറിയ കുഞ്ഞിക്കോയ തങ്ങൾ, നഫീസ എന്ന പൂക്കുഞ്ഞിബീവി, സൈനബ എന്ന കുഞ്ഞിമ്മായി ബീവി എന്നീ നാല് മക്കളുണ്ടായി.
ഹിജ്റ 1294 റബീഉൽ ആഖിർ 16-ന്, എ.ഡി. 1877-ൽ സയ്യിദ് അഹ്മദ് ബുഖാരി കുഞ്ഞിക്കോയമ്മ തങ്ങൾ വഫാത്തായി. സയ്യിദ് അഹ്മദ് ബുഖാരി തങ്ങളുടെ മഖാമിന്റെ തൊട്ടുവടക്കുവശത്താണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്.
Education & Studies
- ✓Received his primary education at Kadappuram Mosque
- ✓Pursued higher studies at Ponnani. His principal teachers included the last Zainudheen Makhdum and Ahmad Valiya Bava Musliyar
- ✓In Makkah he associated with prominent scholars and Sufis and received Tariqa from some of them for about three years.
Genealogy & Lineage
Academic References & Sources
- കേരളത്തിലെ ബുഖാരി സാദാത്തീങ്ങൾ by കെ. കുഞ്ഞുമുസ്ലിയാർ ഫൈസി, published by മസ്ജിദുസ്വമദാനി (ബുഖാറ പള്ളി)പുനർ നിർമ്മാണ കമ്മിറ്റി (1978)Link
Profile Overview
iana
قصيدة لوامع الأنوار في مدح النبي المختار
By السيد أحمد بن محمّد البخاري
جامع الفوائد لطالب العوائد في كيفية صلاة المريض
By السيد أحمد بن محمّد البخاري
