Home>People Directory>Sayyid Muhammad Shihabuddeen Pookoya Thangal

Sayyid Muhammad Shihabuddeen Pookoya Thangal

Islamic Scholar, Qazi & Mudarris

Biography

പ്രഗത്ഭ മതപണ്ഡിതനും ഖാസിയും മുദർരിസും ജനസേവകനുമായിരുന്നു സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്ന ഖഹ്ഹാർ തങ്ങൾ. സയ്യിദ് ഹുസൈൻ മുല്ലക്കോയ തങ്ങളുടെയും അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ മകൾ സയ്യിദത്ത്‌ ഖദീജമുത്ത്‌ ബീവിയുടെയും മകനായി ഹിജ്റ 1334 റജബ് 3-ന്, പാണക്കാട് പട്ടർക്കടവിൽ ജനനം. ഇമാം ഹുസൈൻ(റ)യുടെ സന്താനപരമ്പരയിൽപ്പെട്ട തങ്ങൾ, നബി(സ)യുടെ 39-ാമത്തെ പൗത്രനാണ്.

പിതാവായ സയ്യിദ് ഹുസൈൻ മുല്ലക്കോയ തങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ഗുരു. തുടർന്ന് മറ്റത്തൂർ, ചെമ്മങ്കടവ്, കൊളപ്പുറം ദർസുകളിൽ പഠനം നടത്തി. ചെമ്മങ്കടവ് ദർസിൽ വെച്ച് ശൈഖുനാ താജുൽ ഉലമായിൽ നിന്ന് അൽഫിയ്യ പോലുള്ള കിതാബുകളും, കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാരിൽ നിന്ന് ഫത്ഹുൽ മുഈൻ, തുഹ്ഫ, നിഹായ, മുഗ്നി, മഹല്ലി, ജംഉൽ ജവാമിഅ് തുടങ്ങിയ കിതാബുകളും സ്വായത്തമാക്കി.

കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ, സദഖത്തുല്ലാഹ് മുസ്‌ലിയാർ, മഞ്ചേരി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാർ.   

ദർസ് പഠന ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ ഉപരിപഠനം നടത്തി ഹിജ്റ 1366-ൽ ബാഖവി ബിരുദം നേടി. പാണക്കാട് തങ്ങൾമാരിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദം നേടുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. വെല്ലൂരിൽ അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്, ഉത്തമപാളയം അബൂബക്കർ ഹസ്‌റത്ത് തുടങ്ങിയവർ ഗുരുനാഥന്മാരായിരുന്നു.    

ബാഖിയാത്തിൽ നിന്ന് ബിരുദം നേടി തിരിച്ചെത്തിയ ശേഷം ജന്മദേശമായ പാണക്കാട്ടിൽ ഖാസിയും മുദർരിസുമായി ഒരു വർഷക്കാലം സേവനമനുഷ്ഠിച്ചു. തുടർന്ന്, 1948 മുതൽ 1955 വരെ ഏകദേശം എട്ട് വർഷക്കാലം ഏ.ആർ. നഗറിലെ ഇരുമ്പുചോലയിൽ  മുദരിസായി സേവനമനുഷ്ഠിച്ചു. സ്വദേശികളും വിദേശികളുമടക്കം നൂറിലധികം വിദ്യാർത്ഥികൾ അന്നവിടെ പഠിച്ചിരുന്നു. ശേഷം വടകര വലിയ ജുമുഅത്ത് പള്ളിയിൽ ഒരു വർഷം ദർസ് നടത്തി.

1957 മുതൽ 1960 വരെ ചാലിയത്ത് ഖാസിയും മുദർരിസുമായി സേവനമനുഷ്ഠിച്ചു. അക്കാലത്ത് “ചാലിയം ഖാസി” എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നിരവധി മഹല്ലുകൾ ചാലിയം ഖാസിയുടെ കീഴിലുണ്ടായിരുന്നതിനാൽ, അന്നത്തെ ചാലിയം ഖാസിക്ക് കോഴിക്കോട് ഖാസിയുടേതിന് സമാനമായ അധികാരപരിധിയുണ്ടായിരുന്നു.

1960 മുതൽ കക്കാട് ജുമുഅത്ത് പള്ളിയിൽ മുദർരിസായി ചുമതലയേറ്റു. സമസ്ത പ്രസിഡന്റായിരുന്ന അബ്ദുൽബാരി മുസ്‌ലിയാരുടെ നിർദ്ദേശപ്രകാരമാണ് കക്കാട് ദർസ് ഏറ്റെടുക്കുന്നത്. തുടർന്ന് വഫാത്ത് വരെ ഇരുപത്തിരണ്ട് വർഷം കക്കാട് ദർസ് നടത്തി. അതുകൊണ്ട് സമീപപ്രദേശങ്ങളിൽ “മുദർരിസ് പൂക്കോയ തങ്ങൾ” എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.  

ചാലിയം, കരുവൻതിരുത്തി, പുറ്റക്കാട്, പെരുമുഖം, എളന്നുമ്മൽ, പുന്നക്കാട്, പനയപ്പുറം, രണ്ടത്താക്കൽ, കടക്കാട്ടുപാറ, തെക്കുമ്പാട്, വടക്കുമ്പാട്, പള്ളിക്കൽ, കോഴിപ്പുറം, ചേലേമ്പ്ര തുടങ്ങിയ ഒട്ടേറെ മഹല്ലുകളുടെ ഖാസിസ്ഥാനം വഹിച്ചു. എന്നാൽ ചാലിയം സിദ്ദീഖ് പള്ളിയിൽ ജുമുഅ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിനു ശേഷം എല്ലാ മഹല്ലുകളുടെയും ഖാസിസ്ഥാനം അദ്ദേഹം പൂർണമായും ഒഴിയുകയും പിന്നീട് പലരും നിർബന്ധിച്ചിട്ടും ഖാസിസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു.

ജീവിതത്തിന്റെ വലിയൊരു ഭാഗവും ജനസേവനത്തിനായി വിനിയോഗിച്ച തങ്ങളുടെ സന്നിധിയിൽ കുടുംബപ്രശ്നങ്ങൾ, വിവാഹകാര്യങ്ങൾ, സാമൂഹിക തർക്കങ്ങൾ, പള്ളി-മദ്രസ തുടങ്ങിയ ദീനീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ആത്മീയ ചികിത്സ തുടങ്ങിയ വിവിധ കാര്യങ്ങൾക്കായി ജനങ്ങൾ എത്താറുണ്ടായിരുന്നു. പരസ്പരം ശത്രുതയിലായിരുന്നവരെ അനുരഞ്ജനത്തിലേക്ക് നയിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായിരുന്ന തങ്ങൾ 1967-ൽ സദഖത്തുല്ലാഹ് മുസ്‌ലിയാർ ഉൾപ്പെടെയുള്ളവർ സമസ്തയിൽ നിന്ന് മാറി കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചപ്പോൾ അവരോടൊപ്പം ചേർന്നു. തുടർന്ന് വഫാത്ത് വരെ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായി പ്രവർത്തിച്ചു.

ഹിജ്റ 1402 ശഅ്ബാൻ 10-ന്, (1982 ജൂൺ 2-ന്) അദ്ദേഹം വഫാത്തായി. പാണക്കാട് വില്ലേജ് ഓഫീസിന് സമീപം പാറമ്മൽ തറവാടുവീടിനോട് ചേർന്നുള്ള മഖാമിലാണ് അന്ത്യവിശ്രമം.

Education & Studies

  • ✓Dars studies at Mattathur, Chemmankadavu and Kolappuram; studied under Sayyid Husain Mullakkoya Thangal, Tajul Ulama, Kaipatta Beerankutty Musliyar, Sadaqathullah Musliyar and Manjeri Abdurrahman Musliyar; higher studies at Vellore Baqiyathus Swalihath, where he received the Baqavi degree in 1366 AH.

Genealogy & Lineage

Father:Sayyid Husain Mullakkoya Thangal
Mother:Shareefa Fathima Beevi
Spouse:Sayyidath Ayisha Beevi (Aata Beevi)
Son:Sayyid Abdul Jaleel Shihab Thangal
Daughter:Sayyidath Khadeeja Muthu Beevi
Daughter:Sayyidath Fathima Kunji Beevi
Daughter:Sayyidath Ruqiya Cheriya Beevi
Daughter:Sayyidath Maimuna Imbichi Beevi
Daughter:Sayyidath Juwairiya Beevi
Daughter:Sayyidath Ramla Beevi

Academic References & Sources

  1. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബുദ്ധീൻ അബ്ദുൽ ഖഹ്ഹാർ പൂക്കോയ തങ്ങൾ (ന:മ) , published by ഖഹ്ഹാരിയ്യാ പുബ്ലിക്കേഷൻസ്

Profile Overview

Sayyid Muhammad Shihabuddeen Pookoya Thangal
English NameSayyid Muhammad Shihabuddeen Pookoya Thangal
Malayalam Nameസയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ
Arabic Nameالسيد محمد شهاب الدين فوكويا
Pet Nameഖഹ്ഹാർ തങ്ങൾ
House Nameകോയ മരക്കാരകത്ത്‌
Qabeela (Clan)Shihabudheen (آل شهاب الدين)
NationalityIndian
Birth PlacePattarkadavu, Panakkad
Current PlaceMaqam adjoining the Parammal ancestral house near Panakkad Village Office
Birth Details3 Rajab 1334 AH
Death Details2 June 198210 Sha'ban 1402 AH