Muthu Beevi
Educationist & Education ActivistBiography
കേരളത്തിലെ മുസ്‌ലിം സ്ത്രീവിദ്യാഭ്യാസ ചരിത്രത്തിലെ മുൻനിര പോരാളികളിൽ ഒരാളാണ് മുത്തുബീവി എന്ന ബീവിത്താത്ത. മുസ്‌ലിം സ്ത്രീകൾക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജീവിതം ഉഴിഞ്ഞുവെച്ച സാമൂഹിക പരിഷ്കർത്താവും അധ്യാപികയുമായിരുന്നു അവർ.
1910-ൽ മലപ്പുറം ജില്ലയിലെ പുളിക്കൽ നരിക്കുത്ത് കളത്തിൽ തറവാട്ടിൽ, യൂസഫ്‌കോയ തങ്ങളുടെയും ഖദീജക്കുട്ടിയുടെയും മകളായി ജനിച്ചു. മാലിദ്വീപിൽ നിന്നെത്തി പുളിക്കൽ, കൊട്ടപ്പുറം എന്നിവിടങ്ങളിൽ പള്ളികളും ഓത്തുപള്ളികളും സ്ഥാപിക്കുകയും, ആയുർവേദവും മന്ത്രവും കൂടിയ ചികിത്സ നടത്തുകയും ചെയ്തിരുന്ന തങ്ങൾമാരാണ് ബീവിയുടെ പൂർവികർ.
പുളിക്കൽ മദ്റസത്തുൽ മുനവ്വറ സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചു. അധ്യാപക ട്രൈനിങ്ങിനായി അപേക്ഷിച്ചെങ്കിലും എട്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസം വേണമെന്നുള്ള മാനദണ്ഡമുള്ളതിനാൽ ആദ്യം അവസരം ലഭിച്ചില്ല. എന്നിരുന്നാലും, മുസ്‌ലിം സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ച്, അന്നത്തെ വിദ്യാഭ്യാസ സൂപ്രണ്ടായിരുന്ന ഗഫൂർ ഷായുടെ പിന്തുണയോടെ അവർക്ക് ട്രെയിനിങിന് വേണ്ട യോഗ്യത നേടാൻ സാധിച്ചു.
പുരോഗമന വാദിയായിരുന്ന പിതാവ് യൂസഫ്‌കോയ തങ്ങൾ മകളെയും കൂട്ടി പ്രമുഖ മുജാഹിദ് പണ്ഡിതൻ പി. കെ. മൂസ്സ മൗലവിയെ സമീപിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ എലത്തൂർ കേയിയുടെ സ്കൂളിൽ ചേർന്ന് ആവശ്യമായ പൊതുവിദ്യാഭ്യാസം നേടുകയും തുടർന്ന് രണ്ടുവർഷത്തെ അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കി അധ്യാപികയാവുകയും ചെയ്തു.
1928-ൽ കോഴിക്കോട് സ്ഥിരതാമസമാക്കിയ മുത്തുബീവി, മുസ്‌ലിം പിന്നോക്ക പ്രദേശമായ കുണ്ടുങ്ങലിൽ സ്ഥാപിക്കാനിരുന്ന നഗരം മാപ്പിള ഗേൾസ് സ്കൂളിൽ. അധ്യാപികയായി ചേരുന്നതിനായി അപേക്ഷ സമർപ്പിച്ചു. സ്കൂളിന് സർക്കാർ അനുമതി ലഭിച്ചിരുന്നുവെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ അതിന്റെ സ്ഥാപകനും മാനേജറുമായ കെ.വി. മാമുക്കോയ സാഹിബ് നിര്യാതനായി. തുടർന്ന് ഖാൻ ബഹദൂർ പി.എം. ആറ്റക്കോയ തങ്ങൾ ചാപ്പയിലെ തന്റെ കുതിരപ്പന്തിയുടെ സ്ഥലം സ്കൂളിനായി സൗജന്യമായി വിട്ടുനൽകി. അവിടെ സ്ഥാപിതമായ നഗരം മാപ്പിള ഗേൾസ് സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപികയായി മുത്തുബീവി നിയമിതയായി.
സ്കൂളിൽ വിദ്യാർത്ഥികളെ ചേർക്കുന്നതിനായി അവർ ദിവസേന പുലർച്ചെ മുതൽ മുസ്‌ലിം വീടുകൾ തോറും സന്ദർശിച്ച് രക്ഷിതാക്കളെ ബോധവത്കരിച്ചു. തുടക്കത്തിൽ നാല് വീടുകളിൽ നിന്നായി എട്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ബീവിയുടെ മൂന്നു മാസത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ സ്കൂളിന് ആവശ്യമായ വിദ്യാർത്ഥികളെ ലഭിച്ചു. 1938-ൽ നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ സ്ഥലം മതിയാവാതെ വന്നു. തുടർന്ന് മുക്രിയകത്ത് മമ്മദ്ഹാ ജിയുടെ ഇടിയങ്ങരയിലെ വാടക കെട്ടിടത്തിൽ മുപ്പത്തി ഒന്ന് രൂപ വാടക നിശ്ചയിച്ച് സ്‌കൂൾ മാറ്റി സ്ഥാപിച്ചു.
പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത് പരപ്പിൽ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയം നൽകിയെങ്കിലും പ്രദേശവാസികൾ ഇന്നും സ്നേഹപൂർവ്വം "ബീവിയുടെ സ്കൂൾ" എന്ന പേരിലാണ് വിളിക്കുന്നത്. വിദ്യാഭ്യാസതൽപരയും സാഹസികയുമായ ഒരു മാപ്പിള സ്ത്രീയുടെ സ്മരണ ആ പേരിലൂടെ തലമുറകൾ കൈമാറുന്നു.
ആധുനിക വിദ്യാഭ്യാസത്തിലേക്കുള്ള കോഴിക്കോട്ടെ പിന്നോക്ക പ്രദേശത്തെ മുസ്‌ലിം പെൺകുട്ടികളുടെ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയ നാമമാണ് ബീതാത്തയുടേതും അവർ വളർത്തിയെടുത്ത പ്രാഥമിക പള്ളിക്കൂടത്തിന്‍റേയും.
സ്ത്രീകൾക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നത് തെറ്റായി കണ്ടിരുന്ന ഒരു കാലത്ത്, സാമൂഹികമായ സകല എതിർപ്പുകളെയും അവഗണിച്ചുക്കൊണ്ട്, സ്വസജ്ജയായി, വീടു വീടാന്തരം കയറി ഇറങ്ങി സ്ത്രീ-വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുകയും അവരെ സ്കൂളിൽ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു ബീവി.
ഓത്തുപള്ളികൾ ആൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന അക്കാലത്ത്, മുത്തുബീവി വീടുവീടാന്തരം കയറിയിറങ്ങി പെൺകുട്ടികളെ പഠിക്കാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഭാഗമായി കളത്തിൽ വീട്ടിനടുത്ത് ഒരു മദ്റസ സ്ഥാപിക്കപ്പെടുകയും അഹ്മദ് കോയ തങ്ങളും അദ്ദേഹത്തിന്റെ ഭാര്യ തലേക്കര പാണ്ഡയിൽ ആഇശക്കുട്ടിയും മദ്റസ അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ഈ പ്രവർത്തനങ്ങളുടെ പേരിൽ കുടുംബപരവും സാമൂഹികവുമായ പല എതിർപ്പുകളും ബീവിക്ക് നേരിടേണ്ടി വന്നു. പെൺകുട്ടികളെ നരകഭാഷ പഠിപ്പിക്കുന്നുവെന്ന അപകീർത്തിക്കിരയായി. പള്ളി ഇമാമായിരുന്ന ആദ്യ ഭർത്താവ് കാസിംകോയ തങ്ങൾ, ഇതിനെ തുടർന്ന് വിവാഹമോചനം നടത്തി. പിന്നീട് മദ്റസത്തുൽ മുഹമ്മദിയ്യയിൽ അധ്യാപകനായും ശേഷം പട്ടാളത്തിൽ ഉർദു അധ്യാപകനായും സേവനമനുഷ്ഠിച്ച കൊടിഞ്ഞി ഹൈദ്രോസ് കോയ തങ്ങളെ വിവാഹം ചെയ്തു. ഇരു വിവാഹങ്ങളിലും അവർക്ക് സന്താനങ്ങളുണ്ടായിരുന്നില്ല.
മുത്തുബീവിയുടെ സഹോദരനായ കളത്തിൽ തങ്ങൾ രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു. ഇ. മൊയ്തു മൗലവി, അലി സഹോദരന്മാർ തുടങ്ങിയവരുമായും മഹാത്മാ ഗാന്ധിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു..
1988 ജൂൺ 9-ന് അവർ നിര്യാതയായി. പുളിക്കൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കപ്പെട്ടു.
Education & Studies
- ✓Pulikkal Madrasathul Munawwara School – Primary Education (up to Standard V)
- ✓General Education at Elathur Keyi's School
- ✓Two-year Teacher Training Course
Genealogy & Lineage
Academic References & Sources
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ , published by FOCUS publications (1994)Link
Profile Overview

