Sayyidah Muthubeebi Panayathil
Religious Educator & Community TeacherBiography
മദ്റസാ സമ്പ്രദായം വ്യാപകമാകുന്നതിന് മുമ്പ് ഓത്തുപള്ളി രീതിയിൽ ഖുർആൻ പാരായണവും പ്രാഥമിക മതപഠനവും പകർന്നുനൽകിയിരുന്ന ശ്രദ്ധേയ വ്യക്തിത്വമായിരുന്നു വാളക്കുളം പനയത്തിൽ സയ്യിദത്ത് മുത്തുബീവി. ഖുർആൻ പാരായണത്തോടൊപ്പം പത്രവായനയും പതിവാക്കിയിരുന്ന അവർ മതപഠനത്തിലും പൊതുവിവരങ്ങളിലും ഒരുപോലെ താൽപര്യം പുലർത്തിയിരുന്നു.
വാളക്കുളം പനയത്തിൽ തറവാട്ടിലാണ് സയ്യിദത്ത് മുത്തുബീവി ജനിച്ചത്. സയ്യിദ് മുഹമ്മദ് അബ്ദുൽ വഹാബ് ബാഅലവി ഹദ്റമിയുടെ ഇളയ മകൻ ഹാഷിം ബാഅലവി പരപ്പനങ്ങാടിയുടെ പുത്രൻ സയ്യിദ് ആറ്റക്കോയ തങ്ങളുടെ മകളായ സയ്യിദത്ത് കുഞ്ഞിബീവി, സയ്യിദ് ഹസ്സൻ കോയഞ്ഞിക്കോയ തങ്ങൾ ബാഅലവിയെ വിവാഹം ചെയ്തു. എടരിക്കോട് താഴെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇവരുടെ മകൻ സയ്യിദ് കോയക്കുട്ടി തങ്ങൾ ബാഅലവിയുടെ മകളായിരുന്നു സയ്യിദത്ത് മുത്തുബീവി.
സയ്യിദ് അബ്ദുറഹിമാൻ കുഞ്ഞിസീതിക്കോയ തങ്ങൾ ബാഅലവി, പനയത്തിൽ ആയിരുന്നു ഭർത്താവ്. സ്കൂളിൽ മതാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പിന്നീട് ജോലി രാജിവെച്ചു.
മദ്റസകൾ നിലവിൽ വരുന്നതിന് മുമ്പ് സയ്യിദത്ത് മുത്തുബീവിയുടെ വീട്ടിൽ ഓത്തുപള്ളി സമ്പ്രദായത്തിൽ ഖുർആൻ പാരായണവും പ്രാഥമിക മതപഠനവും നടന്നിരുന്നു. മദ്റസാ സമ്പ്രദായം നിലവിൽ വരുന്നതിന് മുൻപ് ഏകദേശം നാല് ദശകങ്ങളോളം എടരിക്കോട് പ്രദേശത്തെ മുസ്‌ലിം സമൂഹത്തിന്റെ മതപഠനവുമായി ബന്ധപ്പെട്ട് ശ്രദ്ദേയമായ സംഭാവനകൾ നൽകിയിരുന്നു ഈ കുടുംബം.
സയ്യിദത്ത് മുത്തുബീവിക്കും ഭർത്താവിനും പതിനൊന്ന് മക്കളുണ്ടായിരുന്നു. ഈ വിവരം രേഖപ്പെടുത്തിയ സമയത്ത് അവരിൽ മൂന്ന് പേർ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇളയ മകൾ കുഞ്ഞിബീവിയെ, ചെട്ടിപ്പടി ബാഹസ്സൻ ഖബീലയിലെ സയ്യിദ് അബ്ദുല്ല കോയ തങ്ങൾ വിവാഹം ചെയ്തു. ഇളയ പുത്രനായ ഇമ്പിച്ചിക്കോയ തങ്ങൾ, ബാഹസ്സൻ ഖബീലയിലെ വലിയ ജാറത്തിങ്ങൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് പൂക്കോയ തങ്ങളുടെ മൂത്ത മകൾ സൈനബ ബീകുഞ്ഞി ബീവിയെ വിവാഹം ചെയ്തു.
സയ്യിദത്ത് മുത്തുബീവിയുടെ സന്താനപരമ്പരയിൽ, നൂറോളം പേർ ജീവിച്ചിരിപ്പുണ്ട്, അവരിൽ പലരും മത-ബൗദ്ധിക വിദ്യാഭ്യാസം നേടി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു.
ഖുർആൻ പാരായണത്തോടൊപ്പം പത്രവായനയും പതിവാക്കിയിരുന്ന സയ്യിദത്ത് മുത്തുബീവി, കുടുംബത്തിലും സമൂഹത്തിലും മതപഠനത്തിനും വായനാശീലത്തിനും പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു.
1992-ൽ മുഹറം 25-ന് തച്ചണ്ണയിൽ വെച്ച് സയ്യിദത്ത് മുത്തുബീവി വഫാത്തായി.
