Panayathil Assayyid Abdurahman
Qazi, and MudarrisBiography
മത-സാമൂഹിക-സാമുദായിക രംഗങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പണ്ഡിതനും ഖാസിയും മുദരിസും പൊതുപ്രവർത്തകനുമായിരുന്നു പരപ്പനങ്ങാടി പനയത്തിൽ അൽഹാജ് അസ്സയ്യിദ് അബ്ദുറഹിമാൻ എന്ന ചെറിയക്കോയ തങ്ങൾ.
വിഭജനത്തിന് മുമ്പ് മുതൽക്കേ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന തങ്ങൾ, വിഭജനാനന്തരം പ്രദേശത്തെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുകയും സാമൂഹ്യ, സാമുദായിക, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ സേവനമനുഷ്ഠിക്കുകയും ചെയ്തു.
കണ്ണൂർ, കൊയിലാണ്ടി, ഒറ്റപ്പാലം, പയ്യോളി, ഫറോക്ക്, വള്ളിക്കുന്ന്, കൊയപ്പം തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ പള്ളികളിൽ മുപ്പതിലേറെ വർഷം ഖാസിയായും മുദരിസായും സേവനമനുഷ്ഠിച്ചു.
1946-ൽ വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിലെ മുഫ്തിയും പ്രമുഖ മതപണ്ഡിതനുമായിരുന്ന മർഹൂം മൗലാനാ ആദം ഹസ്‌റത്തിൽ നിന്ന് മുസ്‌ലിം ലീഗിന്റെ ആവശ്യകത ന്യായീകരിക്കുന്ന ഫത്‌വ വാങ്ങി പ്രസിദ്ധീകരിക്കുന്നതിൽ ചെറിയക്കോയ തങ്ങൾ മുൻകൈയെടുത്തു. ഇതിലൂടെ മുസ്‌ലിം ലീഗിനെ സംബന്ധിച്ച് അന്നത്തെ ദേശീയ മുസ്‌ലിം വിഭാഗങ്ങൾ പ്രചരിപ്പിച്ചിരുന്ന തെറ്റിദ്ധാരണകൾ നീങ്ങാൻ ഇടയായി. ഇതിന്റെ പേരിൽ പല എതിർപ്പുകളും നേരിടേണ്ടിവന്നെങ്കിലും അവയെ അതിജീവിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി തുടർന്നു.
പ്രമുഖ പണ്ഡിതനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അടുത്ത സുഹൃത്തും, മുജാഹിദ് പണ്ഡിതനായ ഐദീദ് തങ്ങളുടെ ജാമാതാവുമായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അസുഖബാധിതനായി കിടക്കുമ്പോഴും പൊതുകാര്യങ്ങളോടുള്ള താൽപര്യം അദ്ദേഹം നിലനിർത്തി. കാഴ്ചശക്തി കുറഞ്ഞിരുന്നതിനാൽ പേരമക്കളെക്കൊണ്ട് ചന്ദ്രിക വായിപ്പിച്ച് വാർത്തകളും കാര്യങ്ങളും അറിയാറുണ്ടായിരുന്നു.
1982 ജനുവരി 1 വെള്ളിയാഴ്ച, 80-ാം വയസ്സിൽ, ചെറിയക്കോയ തങ്ങൾ നിര്യാതനായി.
Archived Files & Documents
Cheriyakoya Thangal News Paper
Historical DocumentProfile Overview

