Sayyid Hamid Koyamma Thangal
Sufi leader & QaziBiography
1918 ജനുവരി 18-ന് സയ്യിദ് മുഹമ്മദ് കുഞ്ഞികോയ തങ്ങളുടെയും ഉമ്മായിബീവിയുടെയും പുത്രനായാണ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ജനിച്ചത്. കോയമ്മ തങ്ങൾ എന്ന പേരിൽ പ്രസിദ്ധനായിരുന്ന അദ്ദേഹത്തെ, നാട്ടുകാർ ആദരപൂർവ്വം കോയമ്മാജി എന്നാണ് വിളിച്ചിരുന്നത്.
കോയമ്മ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം സ്വന്തം വീട്ടിൽവെച്ചായിരുന്നു. പിതാവിൽനിന്നും പിതാമഹനിൽനിന്നും വിജ്ഞാനം അഭ്യസിച്ച അദ്ദേഹം തുടർന്ന് പ്രമുഖ പണ്ഡിതനായ ഷൊർണ്ണൂർ വെട്ടിക്കാട്ടിരി കുഞ്ഞാപ്പു മുസ്‌ലിയാരുടെ കീഴിലും അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനായ പള്ളത്ത് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ കീഴിലും ദർസ് പഠനം നടത്തി.
ചെറുപ്പം മുതലേ പിതാവിന്റെ പാത പിന്തുടർന്ന് വൈദ്യ ചികിത്സാരംഗത്ത് പ്രവർത്തിച്ചതിനാൽ തദ്രീസിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കച്ചവടത്തിൽ താൽപര്യമുണ്ടായിരുന്ന അദ്ദേഹം സോപ്പ് ഫാക്ടറി, തങ്ങൾ വൈദ്യശാല, കൊപ്ര വ്യാപാരം തുടങ്ങിയ വ്യാപാര മേഖലകളിലും പ്രവർത്തിച്ചു.
സാമൂഹിക വൈജ്ഞാനിക മേഖലകളിൽ സജീവമായിരുന്ന തങ്ങൾ, നിരവധി സ്ഥാനങ്ങളും പദവികളും അലങ്കരിച്ചിരുന്നു. 1952 ഡിസംബർ 19-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ അംഗമായും തുടർന്ന് 1993 നവംബർ 20-ന് സമസ്തയുടെ ഉപാധ്യക്ഷനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത തൃശൂർ ജില്ലാ, ചാവക്കാട് താലൂക്ക് മുസ്‌ലിം ഓർഫനേജ് (ദാറുർറഹ്‌മ തൊഴിയൂർ), ബുഖാറ മഹല്ല്, കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ, കടപ്പുറം ഹസ്സൻപള്ളി തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവി അദ്ദേഹം അലങ്കരിച്ചു. കൂടാതെ അൽബസാഹിർ ഉപദേശകസമിതി അംഗം, കടപ്പുറം നസീറുൽ ഇസ്‌ലാം അനാഥശാല-അഗതിമന്ദിരം ഉപദേശകസമിതി അംഗം, തിരുവത്ര വാദിന്നൂർ ഇസ്‌ലാമിക് അക്കാദമി രക്ഷാധികാരി, ആലുവ മാറമ്പള്ളി മഹല്ല് ഖാസി, എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
കവി കൂടിയായിരുന്ന കോയമ്മ തങ്ങൾ മലയാളത്തിലും അറബിയിലും നിരവധി കാവ്യങ്ങൾ രചിച്ചിട്ടുണ്ട്.
2005 ഡിസംബർ 15-ന് പുലർച്ചെ മൂന്ന് മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ വഫാത്തായി.
Education & Studies
- ✓Primary education at home under his father and grandfather
- ✓Dars studies under Shornur Vettikkattiri Kunjappu Musliyar and later under Pallath Kunjimuhammad Musliyar of Desamangalam.
Genealogy & Lineage
Academic References & Sources
- സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ: കർമവീഥിയിലെ വിശുദ്ധദീപ്തി by മുജീബ് തങ്ങൾ കൊന്നാര് , published by Shifa Book StallLink
Profile Overview

