K. M. Abdul Ahad Thangal
Islamic leaderBiography
1927-ൽ തളിപ്പറമ്പിൽ സയ്യിദ് അബ്ദുല്ല മുശൈഖ് അയനിക്കാടിന്റെയും കുഞ്ഞിബീവിയുടെയും മകനായി കെ. എം. അബ്ദുൽ അഹദ് തങ്ങൾ ജനിച്ചു. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചവരാണ് അഹദ് തങ്ങൾ. തങ്ങളുടെ പിതാവ് സയ്യിദ് അബ്ദുല്ല മുശൈഖ്, കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനാണ്.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയ തങ്ങൾ, പുളിക്കൽ മദീനത്തുല്‍ ഉലൂമിൽ കണക്ക്, ഇംഗ്ലീഷ്, ചരിത്രം തുടങ്ങിയ ഭൗതിക വിഷയങ്ങൾ പഠിപ്പിക്കുകയും, അതോടൊപ്പം ഇസ്‌ലാമിക വിഷയങ്ങൾ സ്വയം പഠിക്കുകയും ചെയ്തു.
കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് വി. പി. മുഹമ്മദ് അലി ഹാജിയുടെ ക്ഷണപ്രകാരം 1951 മാർച്ചിൽ എടയൂരിലെ ജമാഅത്ത് ഓഫീസിലെത്തുകയും, തുടർന്ന് 1952-ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമാവുകയും ചെയ്തു. സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സംഘടന പ്രവർത്തനങ്ങൾ ആരംഭിച്ച തങ്ങൾ, പിന്നീട് പ്രസ്ഥാനത്തിന്റെ വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നേതൃനിരയിൽ സജീവമായി.
1959 മുതൽ 1962 വരെയും 1964 മുതൽ 1974 വരെയും പ്രബോധനത്തിന്റെയും, 1962 മുതൽ 1964 വരെ ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെയും മാനേജറായി സേവനമനുഷ്ഠിച്ചു. 1974 മുതൽ 1990 വരെ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയായി പ്രവർത്തിച്ചു. 1953 മുതൽ ശൂറാ അംഗമായിരുന്ന അദ്ദേഹം 1990 മുതൽ കേരളത്തിലെ മുആവിൻ അമീറായും, ഇടക്കാലത്ത് ആക്ടിംഗ് അമീറായും സേവനമനുഷ്ഠിച്ചു.
കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ സംഘടനയെ പിടിച്ചു നിർത്തിയത് തങ്ങളായിരുന്നു. 1975-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചപ്പോൾ പ്രബോധനത്തിനു പകരമായി ‘ബോധനം’ എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നതും, പിന്നീട് 93,94 കാലഘട്ടങ്ങളിൽ സംഘടന വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ ബോധനം പുനഃപ്രസിദ്ധീകരിക്കുന്നതും തങ്ങളായിരുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിൽ കൂടുതൽ കാലം ജയിൽവാസമനുഷ്ഠിച്ചത് തങ്ങളായിരുന്നു.
വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും തങ്ങൾ സജീവമായി പ്രവർത്തിച്ചു. ഐ.പി.എച്ച്., ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിക് മിഷൻ ട്രസ്റ്റ്, എടയൂർ ജംഇയ്യത്തുൽ മുസ്‌തർശിദീൻ ചാരിറ്റബിൾ ട്രസ്റ്റ്, വളാഞ്ചേരി ദാറുൽ ഇസ്‌ലാം ട്രസ്റ്റ്, തിരുവനന്തപുരം ഇസ്‌ലാമിക് എജുക്കേഷൻ കോംപ്ലക്‌സ്, തിരൂർക്കാട് നുസ്രത്തുൽ ഇസ്‌ലാം ട്രസ്റ്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ വഹിച്ചു.
എടയൂരിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ തങ്ങൾ നിർണായക പങ്കുവഹിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള നമസ്കാരപ്പള്ളി വികസിപ്പിക്കുന്നതിനും പ്രദേശത്തെ വിദ്യാർഥികൾക്ക് മതപരവും ഭൗതികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഇസ്‌ലാമിക് റെസിഡൻഷ്യൽ സ്‌കൂൾ (IRS) സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. സ്ഥാപനങ്ങളുടെ വികസനത്തിനും നടത്തിപ്പിനുമായി ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു. എടയൂരിലെ ജംഇയ്യത്തുൽ മുസ്‌തർശിദീൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനായി മരണംവരെ സേവനമനുഷ്ഠിച്ചു.
പള്ളിക്കര നേന്ത്രത്തൊടി ഹൈദ്രു മുസ്‌ലിയാരുടെ മകളും കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് വി. പി. മുഹമ്മദ് അലി ഹാജിയുടെ സഹോദരീപുത്രിയുമായ നഫീസയായിരുന്നു ഭാര്യ. വിവാഹ ശേഷം എടയൂരിൽ താമസമാക്കിയ അദ്ദേഹത്തെ ‘ആപ്പീസിലെ തങ്ങൾ’ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.
2014 ആഗസ്റ്റ് 22-ന് വെള്ളിയാഴ്ച കെ. എം. അബ്ദുൽ അഹദ് തങ്ങൾ വഫാത്തായി.
Education & Studies
- ✓Intermediate — Government Brennen College, Thalassery
- ✓Islamic Studies — Madinathul Uloom, Pulikkal
- ✓Teaching - Mathematics, English and History Madinathul Uloom, Pulikkal
Genealogy & Lineage
Academic References & Sources
- പ്രബോധനം (2014 0ctober 17)Link
Profile Overview

