K.K.S. Thangal
Social & Political leaderBiography
കരുവന്തുരുത്തി കൊടക്കാട്ടത്ത് കോയക്കുട്ടി തങ്ങളുടെ മകനായി 1931-ൽ മലപ്പുറം ജില്ലയിലെ വടക്കാങ്ങര ഗ്രാമത്തിൽ കെ. കെ. എസ്. തങ്ങൾ ജനിച്ചു. അറബി, മലയാളം, ഉർദു എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന തങ്ങൾ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
മലപ്പുറം ഗവൺമെന്റ് മുസ്‌ലിം ഹൈസ്കൂളിൽ നിന്ന് പത്താംക്ലാസ് പൂർത്തിയാക്കുകയും തുടർന്ന് അധ്യാപക പരിശീലനം നേടി എ. എം. എൽ. പി. സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
വിദ്യാർത്ഥിയായിരുന്ന 1944–46 കാലഘട്ടത്തിൽ തന്നെ സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന തങ്ങൾ കുടുംബകലഹവും വ്യക്തി വിരോധവും മൂലം ശിഥിലമായിരുന്ന വടക്കാങ്ങര മഹല്ലിൽ ‘മുനവ്വിറുൽ ഇസ്‌ലാം സംഘം’ എന്ന സംഘടന രൂപീകരിക്കുകയും, മഹല്ലിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു പരിധിവരെ കുറക്കുകയും പള്ളിക്കും മഹല്ലിനും പുതിയ ഊർജം നൽകുകയും ചെയ്തു. ഈ സംഘടനയുടെ സെക്രട്ടറിയായി വർത്തിച്ചിരുന്നതും തങ്ങളായിരുന്നു.
മഹല്ല് തലത്തിലെ പ്രവർത്തനങ്ങളിലൂടെ നേടിയ പ്രവർത്തിപരിചയവും ജനപിന്തുണയും അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് കളമൊരുക്കി. തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനായി മാറിയ കെ. കെ. എസ്. തങ്ങൾ മങ്കട നിയോജകമണ്ഡലം കേന്ദ്രീകരിച്ച് സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. 1957-ലെയും 1960-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും, തുടർന്ന് 1970-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു. ശേഷം 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പെരിന്തൽമണ്ണയെ പ്രതിനിധീകരിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി.
നിയമസഭാ സാമാജികനായിരിക്കെ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകി. റോഡുകൾ, പാലങ്ങൾ, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും അവയുടെ പുരോഗതിക്കും അദ്ദേഹം സജീവമായി ഇടപെട്ടു. വടക്കാങ്ങരയെ പിന്നാക്കാവസ്ഥയിൽ നിന്ന് ഉയർത്തി റോഡ്, പാലം, വൈദ്യുതി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു വികസിത ഗ്രാമമാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമാണ്.
ബാഫഖി തങ്ങൾ മെമ്മോറിയൽ കോളേജ്, മുസ്‌ലിം പെൺകുട്ടികൾക്ക് ബാഫഖി സ്മാരക അറബിക് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലും കെ. കെ. എസ്. തങ്ങൾ ശ്രദ്ധേയനായിരുന്നു. മങ്കട, പെരിന്തൽമണ്ണ എന്നീ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളിലൂടെ മലപ്പുറം ജില്ലയിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്കിടയിലും അദ്ദേഹത്തിന് ആദരവും അംഗീകാരവും നേടിക്കൊടുത്തു. നിരവധി സംഘടനകളുടെ പ്രസിഡന്റായും ബ്ലോക്ക് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. വടക്കാങ്ങര മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും പുതിയ പഞ്ചായത്ത് രൂപീകരിച്ചതിനെ തുടർന്നുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
1984 ഏപ്രിൽ 11-ന് കെ. കെ. എസ്. തങ്ങൾ അന്തരിച്ചു. കെ. ജെ. ഉമ്മാച്ചുട്ടിയായിരുന്നു അദ്ദേഹത്തിന്റെ സഹധർമ്മിണി. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമായിരുന്നു അവർക്ക്.
Education & Studies
- ✓Passed 10th standard from Government Muslim High School, Malappuram
- ✓Teacher Training
- ✓Worked as a teacher at A.M.A.L.P. School
- ✓Languages: Malayalam, English and Urdu
Genealogy & Lineage
Academic References & Sources
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ, published by FOCUS publications (1994)Link
Profile Overview

