Sayyid Ahmad Pookkoya Thangal
Religious LeaderBiography
മാട്ടൂൽ വേലിക്കോത്ത് സയ്യിദ് മുഹമ്മദ് കോയക്കുട്ടി തങ്ങളുടെയും റൗളാബീവിയുടെയും പുത്രനായി 1909 നവംബർ 6-ന് പുതിയങ്ങാടി ജുമാമസ്ജിദിന് സമീപമുള്ള വേളാപുരത്താണ് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ ജനിച്ചത്.
ബാല്യത്തിൽ തന്നെ മാതാവും പിതാവും മരണപ്പെട്ടതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്ന അദ്ദേഹം, ചെറുപ്പത്തിൽ തന്നെ ഉത്തരവാദിത്വബോധവും കാര്യശേഷിയും പ്രകടിപ്പിച്ചു.
പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അവയെ സമചിത്തതയോടെ കൈകാര്യം ചെയ്യാനും കൃത്യമായ തീരുമാനങ്ങളിലെത്താനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അതിനാൽ തന്നെ സങ്കീർണ്ണമായ സിവിൽ, ക്രിമിനൽ കേസുകളിൽ ജനങ്ങൾ പ്രശ്നപരിഹാരത്തിനായി അദ്ദേഹത്തെ സമീപിക്കുകയും അതുവഴി സമൂഹത്തിലെ വ്യത്യസ്ഥ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടാനും അദ്ദേഹത്തിന് സാധിച്ചു.
ഖാദിരിയ്യാ ത്വരീഖത്തിന്റെ സജീവ പ്രവർത്തകനും പ്രചാരകനുമായിരുന്ന പിതാവിന്റെ ആത്മീയ പാത പിന്തുടർന്ന പൂക്കോയ തങ്ങൾ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ത്വരീഖത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കഠിനമായി പ്രയത്നിച്ചു.
1948-ൽ അദ്ദേഹം വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു. തുടർന്ന് 1949-ൽ സിംഗപ്പൂർ, മലേഷ്യ എന്നീ വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. വിശ്രമമില്ലാത്ത ജീവിതവും നിരന്തരമായ പ്രവർത്തനങ്ങളും ക്രമേണ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. വാതസംബന്ധമായ അസുഖം പിടിപെട്ടതിനെ തുടർന്ന് ചികിത്സകൾ നടത്തിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവിൽ, 1962 ജനുവരി 3-ന്, തളിപ്പറമ്പിലുള്ള ഭാര്യാഗൃഹത്തിൽ വെച്ച് പൂക്കോയ തങ്ങൾ വഫാത്തായി.
തളിപ്പറമ്പ് തങ്ങളുടെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയ കുഞ്ഞുകോയാമ്മ തങ്ങളുടെ മകൾ ഫാത്തിമബീവിയായിരുന്നു ഭാര്യ. അദ്ദേഹത്തിന് നാല് പെൺമക്കളും മൂന്ന് ആൺമക്കളുമുണ്ടായിരുന്നു. പെൺമക്കളിൽ രണ്ടുപേർ അകാലത്തിൽ മരണപ്പെട്ടു.
Genealogy & Lineage
Academic References & Sources
- തങ്ങൾ വംശം കേരളത്തിൽ by ടി.എ. ഹസ്സൻകുട്ടി കാഞ്ഞിരമുറ്റം , published by Nayana Press Aryankavu (2012)Link
