Sayyid M. Shahul Hameed Thangal
SPIRITUAL LEADERBiography
നാല് ദശാബ്ദത്തോളം തൃക്കരിപ്പൂരിന്റെയും പരിസര പ്രദേശത്തിന്റേയും ദീനി പ്രവർത്തനങ്ങളിൽ മഹത്തായ പങ്ക് വഹിച്ച സമുദായ സ്നേഹിയായിരുന്നു സെയ്യിദ് എം.ശാഹുൽ ഹമീദ് തങ്ങൾ. സയ്യിദ് അഹമ്മദ് എന്നിവരാണ്ശാഹുൽ ഹമീദ് തങ്ങളുടെ പിതാവ്. ഏഴിമലക്കടുത്ത എട്ടിക്കുളം എന്ന സ്ഥലത്ത് 1909-ലാണദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മതപഠനത്തിനായി അദ്ദേഹം പെരിങ്ങത്തൂരിലേക്ക് പോയി. അവിടെ നിന്നു. കോയപ്പകുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കൂടെ തൃക്കരിപ്പൂരിൽ വന്ന് ദീർഘകാലം ഓതി താമസിച്ചു. ഇസ്ലാമിന്റെ വിധി വിലക്കുകൾ പഠിച്ചറിയുകയും തദനുസൃതം ജീവിക്കുകയും ചെയ്ത മാതൃകാപുരുഷനായിരുന്നു അദ്ദേഹം. പാണ്ഡിത്യത്തിൻറെ നിറകുടമായിരുന്ന തങ്ങൾ അവർകൾ ഗോളശാസ്ത്രത്തിൽ അഗാധജ്ഞാനം തന്നെ കൈവരിച്ചിരുന്നു. ഇൽമു തസവുഫ് ആത്മസംസ്കരണ ശാസ്ത്രം ആയിരുന്നു ശാഹുൽ ഹമീദ് തങ്ങൾ അവഗാഹം നേടിയ മറെറാരു ശാസ്ത്ര ശാഖ. ലളിതജീവിതം നയിച്ചിരുന്ന തങ്ങൾ ജീവിതത്തിൻറെ സിംഹ ഭാഗവും ദർസ് നടത്തിയാണ് പരിശുദ്ധ ദീനീ സേവനം നടത്തിയത്. തൃക്കരിപ്പൂരിലെ പുരാതനമായ ബീരിച്ചേരി പള്ളിയിൽ 35 വർഷം അദ്ദേഹം പ്രശസ്‌തമാം വിധം ദർസ് നടത്തി. പ്രഗൽഭരായ വളരെ ശിഷ്യൻമാർ തങ്ങൾക്കുണ്ട്. സമസ്‌ത കേരള സുന്നി യുവജനസംഘം സ്റ്റേറ്റ് പ്രസിഡൻറ്, എം. എ . അബ്ദുൽഖാദർ മുസ്ലിയാർ, മാട്ടൂൽ ടി. കെ. അബ്ദുല്ല മൗലവി, സയ്യിദ് ഹസൻ കുഞ്ഞി കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് മുത്തുണി കോയ തങ്ങൾ ജമലുല്ലൈലി കടലുണ്ടി, സയ്യിദ് ഉമർ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി കല്ലമ്പാറ തുടങ്ങിയവർ ഇവരിൽപ്പെടുന്നു. ഒരു വ്യാഴവട്ടത്തിനു മുമ്പ് വേലൂർ ബാഖിയാത്തിൽ നിന്നും എം. എഫ്. ബി. ബിരുദമെടുത്തു. ആദർശനിഷ്ഠവും സൂക്ഷ്മതയും ഒത്തിണങ്ങിയതാണ് തങ്ങളുടെ ജീവിതം. ആത്മസംസ്കരണത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന തങ്ങൾ ത്വരിഖത്തുകളിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഖ്യാതിക്കുവേണ്ടി അദേഹം മിനക്കെട്ടിരുന്നില്ല എന്നുമാത്രമല്ല, പൊതുരംഗത്ത് അറിയപ്പെടുന്നത് തീരെ ഇഷ്ടപ്പെടാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. സമ്മർദ്ദങ്ങൾ ഏറെ ഉണ്ടായിട്ടും ഒരിക്കലും ഒരു പൊതു പരിപാടിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. ശാഹുൽ ഹമീദ് തങ്ങൾക്ക് ഖുർആൻ പൂർണ്ണമായും ഹിഫ്ളുണ്ടായിരുന്നു.
പരിശുദ്ധ ഹജ്ജ് കർമ്മം നാലു പ്രാവശ്യം നിർവ്വഹിച്ചിട്ടുണ്ട്. മക്കയിൽ രണ്ട് വർഷം താമസിക്കുകയും ചെയ്തു. അവിടുത്തെ വാസത്തിനിടയിലാണ് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയത്. അറേബ്യ കൂടാതെ മലേഷ്യ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിന്റെ പ്രാന്ത പ്രദേശമാകെ നാല് പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന ആ ദീനി പ്രവർത്തകന്റെ ജീവിതം വിജയത്തിന് സുപ്രധാന ഘടകമായി പലരും ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട്. നിത്യേന പ്രാർത്ഥനാ വേളയിൽ തന്റെ മാതാവും ഹൃദയപൂർവ്വം പ്രാർത്തിച്ചിരുന്നത്. "അല്ലാഹുവേ എന്റെ മകനെ ഇൽമിൽ നീ രാജാവാക്കേണമേ',, എന്നായിരുന്നുവത്രെ. വിജ്ഞനും വിവേകിയുമായിരുന്ന ആ സൻമാർഗ്ഗ പടുവിന്റെ ജീവിത വിജയം ഈ പ്രാർത്ഥന അല്ലാഹു കൈപറ്റിയതിനാലാണെന്നാണ്. മഹിതമായ ആ ജീവിതം 1984 മെയ് 3-ാം തിയ്യതി അന്ത്യയാത്ര പറഞ്ഞു. ബീരിച്ചേരി പള്ളിയുടെ മുൻവശം വടക്കു കിഴക്കു ഭാഗത്ത് തങ്ങൾ തന്നെ വിലകൊടുത്ത് വാങ്ങി തയ്യാർ ചെയ്ത സഥലത്താണ് അദ്ദേഹത്തിന്റെ ഭൗതിക ജഡം സംസ്കരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഖബറിടത്തിൽ സിയാറത്തിനായി എത്തുന്നവരുടെ സംഖ്യ ഇന്നും വളരെയാണ്. ശാഹുൽ ഹമീദ് തങ്ങളുടെ ഭാര്യ റുഖിയായെന്ന മുത്തുബിയും. ഏക സന്താനം എം. സെയ്യിദ് ഹുസൈൻ കോയ തങ്ങളുമാണ്.
Genealogy & Lineage
Profile Overview

